ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന ഒരൊറ്റപ്പേര്; 140 മണ്ഡലങ്ങളിലും മത്സരിച്ച പിണറായി വിജയന്‍

ഈ തെരഞ്ഞെടുപ്പും വിജയവും തീര്‍ച്ചയായും ചരിത്രത്തില്‍ അടയാളപ്പെടുത്തും, അതുപക്ഷേ, ഒരൊറ്റപ്പേരിലായിരിക്കും, പിണറായി വിജയന്‍!
പിണറായി വിജയന്‍/ ഫയല്‍ ചിത്രം
പിണറായി വിജയന്‍/ ഫയല്‍ ചിത്രം

സംസ്ഥാനത്ത് ഇടത് തരംഗം ആഞ്ഞടിക്കുമ്പോള്‍ സിപിഎമ്മിനും അതിന്റെ അമരക്കാരനും അഭിമാനത്തിന്റെ കൊടുമുടി കയറ്റം. തുടര്‍ഭരണം എന്ന ചരിത്രത്തിലേക്ക് എല്‍ഡിഎഫിനെ കൊണ്ടെത്തിച്ചതില്‍ നിരവധി ഘടകങ്ങള്‍ ഉണ്ടായിരുന്നു, സര്‍ക്കാരിന്റെ കരുതലെന്നും നിലപാടെന്നുമൊക്കെ പലതരത്തില്‍ പറയാമെങ്കിലും ഒരൊറ്റ പേരില്‍ ആ ചര്‍ച്ചകളെല്ലാം ചെന്ന് അവസാനിക്കും; പിണറായി വിജയന്‍. 

140 മണ്ഡലങ്ങളിലും പിണറായി വിജയന്‍ നേരിട്ട് മത്സരിക്കുകയായിരുന്നു. തദ്ദേശീയമായി അടിവേരുള്ള നേതാക്കള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടുപോലും അവരെല്ലാവരും വോട്ടര്‍മാരോട് എടുത്തെടുത്ത് പറഞ്ഞു; പിണറായി വിജയന് തുടര്‍ഭരണം. അതിന് ശക്തിപകരാന്‍ വേണ്ടി തങ്ങളെ ജയിപ്പിച്ചുവിടണമെന്ന്. 

പിണറായി വിജയനൊപ്പം സിപിഎം അതിന്റെ എല്ലാത്തരം കേഡര്‍ സംവിധാനങ്ങളും പുറത്തെടുത്ത് ഒരുമിച്ചു നിന്നു. ചില കല്ലുകടികളുണ്ടായി, പൊട്ടിത്തെറികളും പിണങ്ങിപ്പോകലുകളുമുണ്ടായി. പക്ഷേ അതെല്ലാം പരിഹരിച്ച് മുന്‍പെങ്ങുമില്ലാത്തവണ്ണം തെരഞ്ഞെടുപ്പിനെ നേരിടാന്‍ സിപിഎമ്മിനായി. 

ഘടകക്ഷികളുമായി തമ്മില്‍ തല്ലില്ലാത്ത തെരഞ്ഞെുപ്പ് കാലം കൂടിയായിരുന്നു എല്‍ഡിഎഫിനിത്. സിപിഐയുടെ സഹകരണം പൂര്‍ണമായി നേടിയെടുക്കാന്‍ പിണറായി വിജയനായി. ജോസ് കെ മാണിയെക്കൊണ്ട് ജോസ് കെ മാണിയ്ക്ക് ഉപോയഗമുണ്ടായില്ലെങ്കിലും, ഇടതുമുന്നണിക്ക് ഉപയോഗമുണ്ടായി. 

വിവാദങ്ങളില്‍ കടിച്ചു തൂങ്ങാതെയായിരുന്നു ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം.പറഞ്ഞു പഴകി തേഞ്ഞുപോയ ശബരിമലയുമായി ബിജെപിയും യുഡിഎഫും കടന്നാക്രമണം നടത്തിയിട്ടും വീണില്ല. ചില ഒറ്റപ്പെട്ട പ്രതികരണങ്ങള്‍ പുറത്തുവന്നെങ്കിലും പറഞ്ഞു വിലക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞു. 

വികസനമായിരുന്നു അജണ്ട, സ്‌കൂളുണ്ടാക്കിയതും ആശുപത്രി കെട്ടിയതും തല ചായ്ക്കാന്‍ കൂരവെച്ചുകൊടുത്തതും വിശപ്പടക്കാന്‍ കിറ്റ് നല്‍കിയതും പറഞ്ഞ് പിണറായി വിജയനും കൂട്ടരും ജനങ്ങളിലേക്കിറങ്ങി. ആയിറക്കം മലയാളിമനസ്സുകള്‍ ഏറ്റെടുക്കയും ചെയ്തു. ഈ തെരഞ്ഞെടുപ്പും വിജയവും തീര്‍ച്ചയായും ചരിത്രത്തില്‍ അടയാളപ്പെടുത്തും, അതുപക്ഷേ, ഒരൊറ്റപ്പേരിലായിരിക്കും, പിണറായി വിജയന്‍!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com