മുഖ്യമന്ത്രി തിരുവനന്തപുരത്ത്; സത്യപ്രതിജ്ഞ ഈയാഴ്ച തന്നെ

തിളങ്ങുന്ന ജയവുമായി ഇടതു മുന്നണി അധികാരം നിലനിര്‍ത്തിയതോടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തലസ്ഥാനത്ത് സജീവമായി
പിണറായി വിജയന്‍/ഫയല്‍
പിണറായി വിജയന്‍/ഫയല്‍

തിരുവനന്തപുരം: തിളങ്ങുന്ന ജയവുമായി ഇടതു മുന്നണി അധികാരം നിലനിര്‍ത്തിയതോടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തലസ്ഥാനത്ത് സജീവമായി. ഈയാഴ്ച തന്നെ രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് സൂചന. 

കണ്ണൂരിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ തിരുവനന്തപുരത്ത് എത്തി. ഇന്ന് ഉച്ചയ്ക്ക് അദ്ദേഹം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് രാജിനല്‍കും. രാജിക്കത്ത് സ്വീകരിക്കുന്ന ഗവര്‍ണര്‍ പുതിയ സര്‍ക്കാര്‍ സ്ഥാനമേല്‍ക്കുന്നതു വരെ കാവല്‍ മന്ത്രിസഭയായി തുടരാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുന്നതാണ് കീഴ്‌വഴക്കം. 

തെരഞ്ഞെടുപ്പിലെ വിജയികളെ വിജ്ഞാപനം ചെയ്ത് പുതിയ  നിയമസഭ രൂപവത്കരിക്കുന്നത് ഇലക്ഷന്‍ കമ്മിഷനാണ്. ഇത് നാളെയുണ്ടാവും. അതിനു ശേഷം പുതിയ പാര്‍ലമെന്ററി പാര്‍ട്ടി ചേര്‍ന്ന് നേതാവിനെ തെരഞ്ഞെടുക്കും. ഇതു ഗവര്‍ണറെ അറിയിച്ചതിനു ശേഷമാണ് അദ്ദേഹം സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുക. 

ആദ്യം മുഖ്യമന്ത്രിയും ഏതാനും സീനിയര്‍ മന്ത്രിമാരും മാത്രം സത്യപ്രതിജ്ഞ ചെയ്യുമെന്നും പിന്നീട് മന്ത്രിസഭ വികസിപ്പിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇടതു മുന്നണി വൃത്തങ്ങള്‍ ഇതു നിഷേധിച്ചു. ഒരാഴ്ച ലഭിക്കുന്നതോടെ മുഴുവന്‍ മന്ത്രിമാരും ആദ്യ ഘട്ടത്തില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്യാനാണ് സാധ്യതയെന്ന് അവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com