കടന്നപ്പള്ളി പുറത്താവും, 'ഒറ്റയാള്‍' പാര്‍ട്ടികള്‍ക്ക് മന്ത്രിസ്ഥാനം ഉണ്ടാവില്ല; കേരള കോണ്‍ഗ്രസിന് രണ്ട് 

ഇത്തവണ അഞ്ചു പാര്‍ട്ടികളാണ് ഇടതു മുന്നണിയില്‍ ഒറ്റയാളെ ജയിപ്പിച്ചിട്ടുള്ളത്
കടന്നപ്പള്ളി രാമചന്ദ്രന്‍/ഫെയ്‌സ്ബുക്ക്‌
കടന്നപ്പള്ളി രാമചന്ദ്രന്‍/ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: ഒരൂ നിയമസഭാംഗം മാത്രമുള്ള ഘടകകക്ഷികള്‍ക്ക് ഇത്തവണ മന്ത്രിസഭാ പ്രാതിനിധ്യം ഉണ്ടായേക്കില്ല. അതനുസരിച്ച് കടന്നപ്പള്ളി രാമചന്ദ്രന്‍ ഇക്കുറി മന്ത്രിസഭയില്‍ ഉണ്ടാവില്ലെന്നാണ് സൂചന. 

കോണ്‍ഗ്രസ് എസിന്റെ ഏക എംഎല്‍എ ആയിട്ടും സീനിയോറിറ്റി കണക്കിലെടുത്ത് കഴിഞ്ഞ തവണ കടന്നപ്പള്ളിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. തുറമുഖ വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്തത്. കേരള കോണ്‍ഗ്രസ് ബിയുടെ ഏക എംഎല്‍എ ആയ കെബി ഗണേഷ് കുമാറിനെ മന്ത്രിയാക്കിയില്ല. പകരം ആര്‍ ബാലകൃഷ്ണപിള്ളയെ കാബിനറ്റ് റാങ്കില്‍ മുന്നാക്ക കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കി. 

ഇത്തവണ അഞ്ചു പാര്‍ട്ടികളാണ് ഇടതു മുന്നണിയില്‍ ഒറ്റയാളെ ജയിപ്പിച്ചിട്ടുള്ളത്. കടന്നപ്പള്ളി കണ്ണൂരില്‍നിന്നു സഭയില്‍ എത്തിയപ്പോള്‍ പത്തനാപുരത്ത് ഗണേഷ് കുമാര്‍ വീണ്ടും ജയിച്ചുകയറി. തിരുവനന്തപുരത്ത് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജു അപ്രതീക്ഷിത വിജയം നേടി. കോഴിക്കോട് സൗത്തില്‍ അഹമ്മദ് ദേവര്‍കോവില്‍ ഐഎന്‍എല്ലിന്റെ ഏക പ്രതിനിധിയായി. മുന്നണി മാറി ഇടതുപക്ഷത്ത് എത്തിയ ലോക്താന്ത്രിക് ജനതാ ദളില്‍നിന്ന് കൂത്തുപറമ്പിലെ കെപി മോഹനന്‍ മാത്രമാണ് ജയിച്ചത്. 

ഒറ്റയാള്‍ പാര്‍ട്ടികള്‍ക്കു മന്ത്രിസ്ഥാനം കൊടുക്കുന്നത് കൂടുതല്‍ പേരെ ജയിപ്പിച്ച പാര്‍ട്ടികളുടെ വിഹിതത്തില്‍ വലിയ കുറവു വരുത്തുമെന്നാണ് മുന്നണി നേതൃത്വം വിലയിരുത്തുന്നത്. ആകെ ഇരുപത്തിയൊന്ന് മന്ത്രിസ്ഥാനമാണ് അനുവദനീയമായിട്ടുള്ളത്. കഴിഞ്ഞ തവണ തുടക്കത്തില്‍ 19 ആയിരുന്നു. പിന്നീട് ഒരു മന്ത്രിയെക്കൂടി ഉള്‍പ്പെടുത്തി. 

രണ്ടു മന്ത്രിസ്ഥാനം വേണമെന്നാണ് അഞ്ചു പേരെ ജയിപ്പിച്ച കേരള കോണ്‍ഗ്രസിന്റെ ആവശ്യം. മുന്നണി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. പതിനേഴു പേരെ ജയിപ്പിച്ച സിപിഐക്കു നാലു മന്ത്രിമാരാണുണ്ടാവുക. സിപിഎമ്മിനും സിപിഐയ്ക്കും പുറമേ കേരള കോണ്‍ഗ്രസ്, ജനതാ ദള്‍, എന്‍സിപി എന്നീ പാര്‍ട്ടികള്‍ക്കായിരിക്കും മന്ത്രിസഭാ പ്രാതിനിധ്യം.

കേരള കോണ്‍ഗ്രസിന് രണ്ടു മന്ത്രിസ്ഥാനം നല്‍കിയാല്‍ റോഷി അഗസ്റ്റിനും എന്‍ ജയരാജും മന്ത്രിമാരാവും. ഒന്നേ ഉള്ളൂവെങ്കില്‍ ഇവരില്‍ ആരു വേണമെന്നു പാര്‍ട്ടി തീരുമാനിക്കും. എന്‍സിപിയില്‍ നിന്ന് എകെ ശശീന്ദ്രന്‍ വേണോ തോമസ് കെ തോമസ് വേണോയെന്ന തര്‍ക്കം ഉയരാനിടയുണ്ട്. ജനതാദളില്‍ മാത്യു ടി തോമസോ കെ കൃഷ്ണന്‍ കുട്ടിയോ എന്ന കാര്യത്തില്‍ ദേശീയ നേതൃത്വമാവും തീരുമാനമെടുക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com