ആറ് പതിറ്റാണ്ട്; കോൺ​ഗ്രസിനൊപ്പം തുടങ്ങി ഒടുവിൽ ഇടതു സഹയാത്രികനായി വിട 

25–ാം വയസിൽ പത്തനാപുരത്തുനിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കേരള രാഷ്ട്രീയത്തിൽ ഒരേപോലെ ആരാധിക്കപ്പെടുകയും വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയത് നേതാവായിരുന്ന ആർ ബാലൃഷ്ണപിള്ള. വിദ്യാർഥിയായിരിക്കേ രാഷ്ട്രീയത്തിൽ ആകൃഷ്ടനായി പൊതുരം​ഗത്തേക്കിറങ്ങിയ പിള്ള ആറ് പതിറ്റാണ്ടോളമാണ് സജീവമുഖത്ത് നിറഞ്ഞുനിന്നത്. കോൺഗ്രസിലൂടെയാണ് സജീവ രാഷ്​ട്രീയ പ്രവർത്തകനായി മാറിയത്. കേരളാ കോൺഗ്രസിൻറെ സ്ഥാപകനേതാക്കളിൽ ഒരാളും പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു ബാലകൃഷ്​ണപിള്ള. 

1964ലാണ് കെ എം ജോർജിനൊപ്പം കേരള കോൺഗ്രസിന് രൂപം നൽകിയത്. പാർട്ടിയുടെ സ്ഥാപക സംസ്ഥാന കമ്മിറ്റി ഭാരവാഹികളിൽ ജീവിച്ചിരുന്നവരിൽ അവസാനത്തെയാൾ കൂടിയായിരുന്നു ബാലകൃഷ്​ണപിള്ള. ജോർജിന്റെ മരണത്തെ തുടർന്ന് കെ എം മാണിയും പിള്ളയും തമ്മിൽ അഭിപ്രായവ്യത്യാസം രൂപപ്പെട്ടു. തുടർന്ന് കേരളാ കോൺഗ്രസ് പിളരുകയും 1977ൽ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ് ബി രൂപവത്കരിക്കുകയും ചെയ്തു. 

25–ാം വയസിൽ പത്തനാപുരത്തുനിന്നാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തിയത്. 1960 ൽ ആയിരുന്നു ആദ്യ തെരഞ്ഞുടുപ്പ് ജയം. പിന്നീട്  1965 ൽ കൊട്ടാരക്കരയിൽനിന്നു ജയിച്ചെങ്കിലും 1967ലും 1970ലും പരാജയമറിഞ്ഞു. 1971ൽ മാവേലിക്കരയിൽ നിന്നു ലോക്‌സഭാംഗമായി. 1975 ൽ അച്യുതമേനോൻ മന്ത്രിസഭയിലാണ് ആദ്യമായി മന്ത്രിയായത്. ഗതാഗതം, എക്സൈസ്, ജയിൽ വകുപ്പുകളുടെ ചുമതലയായിരുന്നു ലഭിച്ചത്. 

1977 മുതൽ 2001 വരെ തുടർച്ചയായ ഏഴു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കൊട്ടാരക്കരയിൽനിന്ന് ജയിച്ചു. ഇ.കെ. നായനാർ, കെ. കരുണാകരൻ, എ.കെ.ആന്റണി മന്ത്രിസഭകളിലായി അഞ്ചുവട്ടം കൂടി മന്ത്രിയായി. 1980-82, 82-85,86-87 വർഷങ്ങളിൽ വൈദ്യുതി വകുപ്പുമന്ത്രിയായും 1991-95, 2001-04 കാലയളവിൽ ഗതാഗത വകുപ്പുമന്ത്രിയായും ചുമതല വഹിച്ചു. 1964 മുതൽ 87 വരെ തുടർച്ചയായി ഇടമുളയ്‌ക്കൽ  ഗ്രാമപഞ്ചായത്തിന്റെയും 1987 മുതൽ 95 വരെ കൊട്ടാരക്കര ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. മന്ത്രി ആയിരിക്കുമ്പോഴും പഞ്ചായത്ത് പ്രസിഡന്റ് ചുമതല വഹിച്ചിരുന്നു.

2006ലാണ് പിള്ള അവസാനമായി നിയമസഭാ തിരഞ്ഞെുപ്പിൽ മത്സരിക്കുന്നത്. കൊട്ടാരക്കരയിലെ സിറ്റിങ് എംഎൽഎ ആയിരുന്ന അദ്ദേ​ഹം സിപിഎമ്മിന്റെ ഐഷാ പോറ്റിയോട് പരാജയപ്പെട്ടു. 2017ൽ കേരള മുന്നോക്ക വികസന കോർപറേഷൻ ചെയർമാനായി നിയമിക്കപ്പെട്ടു.  

1980ൽ ഇടതുമുന്നണിയുടെ ഭാഗമായാണ് ബാലകൃഷ്ണപിള്ള ജനവിധി തേടിയത്. 1982ൽ വീണ്ടും യുഡിഎഫിലെത്തി. 2018ൽ കേരള കോൺഗ്രസ്(ബി) വീണ്ടും എൽഡിഎഫിലെത്തി. കടുത്ത ഇടതുവിരോധിയായിരുന്ന പിള്ള ഇടതു സഹയാത്രികനായാണ് വിടപറയുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com