കുണ്ടറയിലും തൃപ്പൂണിത്തുറയിലും വോട്ട് കച്ചവടം; പത്തോളം സീറ്റുകളില്‍ യുഡിഎഫ് ജയിച്ചത് ബിജെപി വോട്ടുകൊണ്ട്, ആരോപണവുമായി പിണറായി

സംസ്ഥാനത്ത് ബിജെപി യുഡിഎഫിന് വന്‍തോതില്‍ വോട്ട് മറിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
പിണറായി വിജയന്റെ മീറ്റ് ദ് പ്രസ്/ ഫെയ്‌സ്ബുക്ക്‌
പിണറായി വിജയന്റെ മീറ്റ് ദ് പ്രസ്/ ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി യുഡിഎഫിന് വന്‍തോതില്‍ വോട്ട് മറിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് മീറ്റ് ദ് പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തോളം സീറ്റുകളില്‍ യുഡിഎഫിന് ജയിക്കാന്‍ സാധിച്ചത് ബിജെപി വോട്ട് മറിച്ചതുകൊണ്ടാണെന്നും  അതില്ലായിരുന്നെങ്കില്‍ യുഡിഎഫിന്റെ പതനം ഇതിലും വലുതാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപിയും യുഡിഎഫും തമ്മില്‍ കച്ചവടം നടത്തി പടുത്തുയര്‍ത്തിയ സ്വപ്‌നം തകര്‍ന്നുപോയെന്നും അദ്ദേഹം പറഞ്ഞു. പല മണ്ഡലങ്ങളിലും ഈ കച്ചവടത്തിലൂടെ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി ആരോപിച്ചു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ വോട്ടും ഇത്തവണ നേടിയ വോട്ടും തമ്മിലുള്ള വ്യത്യാസം കണക്ക് സഹിതം വിവരിച്ചാണ് പിണറായി ആരോപണമുന്നയിച്ചത്.

കുണ്ടറയില്‍ മെഴ്‌സിക്കുട്ടിയമ്മയ്ക്ക് എതിരെ വോട്ട് കച്ചവടം നടന്നു. യുഡിഎഫ് ജയിച്ചത് 4454 വോട്ടിനാണ്. ബിജെപിക്ക് 14,160 വോട്ടാണ് കുറഞ്ഞത്. തൃപ്പൂണിത്തുറയില്‍ 992 വോട്ടിനാണ് യുഡിഎഫ് ജയിച്ചത്. ബിജെപിയുടെ 6087 വോട്ടാണ് കുറഞ്ഞത്. ചാലക്കുടിയില്‍ 1057 വോട്ടിനാണ് യുഡിഎഫ് ജയിച്ചത്. ബിജെപിക്ക് 8928 വോട്ട് കുറഞ്ഞു. കോവളത്തില്‍ 11,562 വോട്ടിനാണ് യുഡിഎഫ് വിജയം. 12,323 വോട്ട് ബിജെപിക്ക് കുറഞ്ഞു. 
കടുത്തുരുത്തിയില്‍ ബിജെപിയുടെ 5766 വോട്ട് കുറഞ്ഞു. 4256 വോട്ടിനാണ് യുഡിഎഫ് ജയിച്ചത്. 
പാലായില്‍ 13,952 വോട്ടിന്റെ കുറവുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. 

140ല്‍ 90 മണ്ഡലങ്ങളിലും ബിജെപിക്ക് വോട്ട് കുറഞ്ഞു. 2016ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താല്‍ ഇത്ര ഭീമമായ രീതിയില്‍ വോട്ട് കുറയാന്‍ എങ്ങനെ ഇടയായി?  ഇത്രവലിയ ചോര്‍ച്ച മുന്‍പ് ഒരുകാലലത്തും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍ എനനും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com