പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിനിടെ/എക്‌സ്പ്രസ് ഫോട്ടോ
പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിനിടെ/എക്‌സ്പ്രസ് ഫോട്ടോ

ധനകാര്യം രാജീവോ ബാലഗോപാലോ? ആലപ്പുഴയില്‍ നിന്ന് ആര്? ; മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ സജീവം

ധനകാര്യം രാജീവോ ബാലഗോപാലോ? ആലപ്പുഴയില്‍ നിന്ന് ആര്? ; മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ സജീവം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തിളങ്ങുന്ന ജയത്തോടെ സിപിഎം സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്കു കടന്നതോടെ മന്ത്രിമാര്‍ ആരൊക്കെയെന്നും വകുപ്പുകള്‍ ഏതൊക്കെയെന്നതുമായ ചര്‍ച്ചകള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ സജീവമായി. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കു തുടക്കമിട്ടുകൊണ്ട് ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്.

കഴിഞ്ഞ സര്‍ക്കാരില്‍ ഉണ്ടായിരുന്നവരും പുതുമുഖങ്ങളും ചേര്‍ന്നതായിരിക്കും മന്ത്രിസഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കെകെ ശൈലജ, ടിപി രാമകൃഷ്ണന്‍, കെടി ജലീല്‍, എസി മൊയ്തീന്‍, എംഎം മണി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരാണ് ജയിച്ച സിപിഎം മന്ത്രിമാര്‍. ഇതില്‍ കെടി ജലീല്‍ ലോകായുക്ത പരാമര്‍ശത്തെത്തുടര്‍ന്ന്, തെരഞ്ഞെടുപ്പിനു ശേഷം രാജിവയ്ക്കുകയായിരു്ന്നു. ജലീല്‍ മന്ത്രിയായിരിക്കുന്നതിന് എതിരായ ലോകായുക്ത പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനിടയില്ല.

ജലീല്‍ ഇല്ലാത്തപക്ഷം മലപ്പുറത്തുനിന്ന് വി അബ്ദുറഹ്മാനെയോ പി നന്ദകുമാറിനെയോ പരിഗണിക്കും. സിഐടിയുവിന്റെ മുതിര്‍ന്ന നേതാവ് എന്നത് നന്ദകുമാറിന് അനുകൂല ഘടകമാണെങ്കിലും മുസ്ലിം സമുദായത്തെ ഒപ്പം നിര്‍ത്തുകയെന്ന ലക്ഷ്യം അബ്ദുറഹ്മാന് മുന്‍തൂക്കം നല്‍കും. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തേക്കും. സംസ്ഥാന സമിതിയിലാവും അന്തിമ തീരുമാനം.

കഴിഞ്ഞ തവണ ശബരിമല വിഷയത്തില്‍ വിവാദത്തില്‍പ്പെട്ട കടകംപള്ളി സുരേന്ദ്രന്‍ തുടരുമോയെന്നതില്‍ സംശയമുണ്ട്. കടകംപള്ളി ഒഴിവാക്കപ്പെട്ടാല്‍ വി ശിവന്‍കുട്ടിക്കായിരിക്കും നറുക്ക്. 

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെകെ ശൈലജ, എംവി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ മന്ത്രിമാരാവുമെന്ന് ഏതാണ്ട് ഉറപ്പാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി രാജീവ്, കെഎന്‍ ബാലഗോപാല്‍ എന്നിവരും മന്ത്രിസഭയില്‍ ഉണ്ടാവും. ധനവകുപ്പിലേക്കു പ്രധാനമായും പരിഗണിക്കപ്പെടുന്നത് ഇവര്‍ രണ്ടുപേരുമാണ്. തൃത്താലയില്‍ വിടി ബല്‍റാമിനെ തോല്‍പ്പിച്ചെത്തുന്ന എംബി രാജേഷാണ് പരിഗണിക്കപ്പെടുന്ന മറ്റൊരാള്‍. 

ആലപ്പുഴയില്‍ നിന്ന് പിപി ചിത്തരഞ്ജനോ സജി ചെറിയാനോ മന്ത്രിസഭയില്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്. മത്സ്യത്തൊഴിലാളി സംഘടനാ രംഗത്തെ പരിചയം ചിത്തരഞ്ജന് മുന്‍തൂക്കം നല്‍കുന്നുണ്ട്. 

കഴിഞ്ഞ സര്‍ക്കാരില്‍ രണ്ടു വനിതാ മന്ത്രിമാരാണ് ഉണ്ടായിരുന്നത്. ഇക്കുറി അതേ പാറ്റേണ്‍ പിന്തുടര്‍ന്നാല്‍ വീണാ ജോര്‍ജിനോ ആര്‍ ബിന്ദുവിനോ നറുക്കു വീഴും. തൃശൂരില്‍നിന്നുള്ള പ്രാതിനിധ്യം കൂടുന്നത് ബിന്ദു ഒഴിവാക്കപ്പെടാന്‍ കാരണമാവുമെന്നും വിലയിരുത്തലുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com