10 വര്‍ഷം പ്രതിപക്ഷത്തിരുന്നാല്‍ ഇല്ലാതാകില്ല; ബിജെപിയുടെ ആക്കൗണ്ട് പൂട്ടിച്ചത് കോണ്‍ഗ്രസ്; കെ മുരളീധരന്‍

ലോട്ടറി അടിച്ചെന്ന് കരുതി പിണറായി വിജയനോ ഇടത് മുന്നണിയോ അഹങ്കരിക്കരുത്
കെ മുരളീധരന്‍ / ഫയല്‍ ചിത്രം
കെ മുരളീധരന്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം: പത്ത് വര്‍ഷം പ്രതപക്ഷത്തിരുന്നാല്‍ കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് പാര്‍ട്ടി നേതാവ് കെ മുരളീധരന്‍. അങ്ങനെ തകര്‍ന്ന് പോകുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്ന് ഓര്‍മ്മ വേണം.  ഇതിലും വലിയ വീഴ്ചകളില്‍ നിന്ന് കോണ്‍ഗ്രസ് കരകയറിയിട്ടുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു. 

നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിയത് കോണ്‍ഗ്രസ് ആണ്. ബി ജെ പി വാര്‍ഡുകളില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടായി. ന്യൂനപക്ഷ ഏകീകരണം ഇടത് മുന്നണിക്കനുകൂലമായി. എസ്ഡിപിഐയെ ഉപയോഗിച്ച് ന്യൂനപക്ഷ മേഖലയില്‍ പ്രചാരണം നടത്തി. മുന്നണികള്‍ക്ക് നേമത്ത് വോട്ട് കുറഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് വോട്ട് കൂടിയെന്നും കെ മുരളീധരന്‍ പറഞ്ഞു.

ലോട്ടറി അടിച്ചെന്ന് കരുതി പിണറായി വിജയനോ ഇടത് മുന്നണിയോ അഹങ്കരിക്കരുത്. തെരഞ്ഞെടുപ്പില്‍ ജനം വിജയിപ്പിക്കുമ്പോള്‍ വിനയം കാണിക്കേണ്ട മുഖ്യമന്ത്രി എല്ലാവരേയും ചീത്തവിളിക്കുകയാണ് ചെയ്യുന്നത്. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ചീത്ത വിളിക്കാനാണ് പിണറായി വിജയന്‍ ശ്രമിച്ചത്.  അതിന് ശേഷമാണ് ക്രിയാത്മക പിന്തുണ തേടുന്നത്. യുഡിഎഫ് ജയിച്ച മണ്ഡലങ്ങളില്‍ ബിജെപി വോട്ട് കുറഞ്ഞത് അടക്കമുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി പറയുന്നു. ബിജെപി വോട്ട് കുറഞ്ഞ ഇടങ്ങളില്‍ എല്‍ഡിഎഫ് ആണ് ജയിച്ചത് എന്ന് ഓര്‍ക്കണം. വട്ടിയൂര്‍കാവില്‍ യുഡിഎഫ് ജയിച്ച തെരഞ്ഞെടുപ്പിന്റെ കണക്ക് മുഖ്യമന്ത്രി പരിശോധിക്കണമെന്നും മുരളി പറഞ്ഞു 

ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല എന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വലിയ സന്തോഷം. അതില്‍ സിപിഎം അഹങ്കരിക്കേണ്ട കാര്യം ഇല്ല.  സമുദായ സംഘടനകള്‍ക്ക് സംസ്ഥാനത്ത് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. എന്‍എസ്എസിന് അടക്കം അതുണ്ടെന്ന് മറക്കരുത്. വിമര്‍ശിക്കുന്നവരെ എല്ലാം കല്ലെറിയാനാണ് സിപിഎം ശ്രമിക്കുന്നത്. അത് നല്ലതിനല്ലെന്നും കെ  മുരളീധരന്‍ കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com