ലഭിച്ചത് 73,38,806 കോവിഡ് വാക്സിൻ, സംസ്ഥാനത്ത് വിതരണം ചെയ്തത് 74,26,164; ഇത് ആരോ​ഗ്യപ്രവർത്തകരുടെ കഴിവ്

വാക്സിൻ വയലുകളിലെ വെയ്സ്റ്റേജ് ഫാക്ടർ കൂടി ഉപയോഗിച്ചുകൊണ്ടാണ് ലഭിച്ചതിലും കൂടുതൽ ഡോസുകൾ നൽകാൻ സാധിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം; രാജ്യത്ത് കോവിഡ് ക്ഷാമം രൂക്ഷമായിരിക്കെ ഏറ്റവും കാര്യക്ഷമമായി വാക്സിൻ ഉപയോ​ഗിച്ചത് കേരളമാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഒരു ഡോസ് വാക്സിൻ പോലും നഷ്ടപ്പെടുത്താതെയായിരുന്നു കേരളത്തിലെ വാക്സിൻ വിതരണം. എന്നാൽ ലഭിച്ച വാക്സിൻ ഡോസിനേക്കാൾ അധികം കുത്തിവയ്പ്പെടുക്കാൻ സംസ്ഥാനത്തായി. കേന്ദ്ര സർക്കാരിൽ നിന്നും ലഭിച്ച 73,38,806 വാക്സിൻ ഡോസുകൾ കൊണ്ട് 74,26,164 കുത്തിവയ്പ്പുകളാണ് സംസ്ഥാനത്ത് നൽകിയത്. ആരോഗ്യപ്രവർത്തകരെയും നഴ്സുമാരെയും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. 

വാക്സിൻ വയലുകളിലെ വെയ്സ്റ്റേജ് ഫാക്ടർ(സിറിഞ്ചിൽ നിറയ്കുമ്പോഴും മറ്റും നഷ്ടമാകുന്ന ചെറിയൊരു ശതമാനം വാക്സിൻ) കൂടി ഉപയോഗിച്ചുകൊണ്ടാണ് ലഭിച്ചതിലും കൂടുതൽ ഡോസുകൾ നൽകാൻ സാധിച്ചത്. ആരോഗ്യപ്രവർത്തകരുടെ അതിരറ്റ കാര്യക്ഷമതയാണ് ഇതിനു കാരണമായതെന്നും ഇക്കാര്യത്തിൽ നാം അവരെ ഹൃദയം നിറഞ്ഞ് പ്രശംസിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. 

വാക്സിൻ ഉപയോഗം സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശങ്ങളിൽ വെയ്സ്റ്റേജ് ഫാക്ടർ 10 ശതമാനത്തോളം അനുവദിക്കുന്നുണ്ട്.
ഇതുപ്രകാരം 100 വാക്സിൻ ഡോസുകൾ ആവശ്യമായിട്ടുണ്ടെങ്കിൽ 110 ഡോസുകൾക്കാണ് ഓർഡർ നൽകേണ്ടത്. എന്നാൽ ഇത്തരത്തിലുണ്ടാകുന്ന വാക്സിൻ നഷ്ടത്തെ ഒഴിവാക്കിക്കൊണ്ട് വെയ്സ്റ്റേജ് ഫാക്ടറിനെ കൂടി ഉപയോഗപ്പെടുത്താൻ സംസ്ഥാനത്തെ ആരോഗ്യസംവിധത്തിന് കഴിഞ്ഞു. 

കോവിഡ് ക്ഷാമം രൂക്ഷമായി തുടരുമ്പോഴും നിരവധി സംസ്ഥാനങ്ങളിലാണ് വാക്സിൻ പാഴാകുന്നത്. കേരളത്തിന്റെ തൊട്ടടുത്തുള്ള സംസ്ഥാനമായ തമിഴ്നാടാണ് ഏറ്റവും കൂടുതൽ വാക്സിൻ പാഴാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com