എംഎം മണി ഉണ്ടാവില്ല, ടിപിയും പുറത്താവും; ശൈലജയൊഴികെ എല്ലാവരും പുതുമുഖങ്ങള്‍, ചര്‍ച്ചകള്‍ സജീവം

രണ്ടാം പിണറായി സര്‍ക്കാരില്‍ കെകെ ശൈലജ ഒഴികെയുള്ള സിപിഎം മന്ത്രിമാര്‍ പുതുമുഖങ്ങളാവുമെന്ന് സൂചന
എംഎം മണി പിണറായി വിജയനൊപ്പം/ഫയല്‍
എംഎം മണി പിണറായി വിജയനൊപ്പം/ഫയല്‍

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ കെകെ ശൈലജ ഒഴികെയുള്ള സിപിഎം മന്ത്രിമാര്‍ പുതുമുഖങ്ങളാവുമെന്ന് സൂചന. തിളക്കമാര്‍ന്ന ജനവിധിയുടെ പശ്ചാത്തലത്തില്‍ അടിമുടി പുതുമയാര്‍ന്ന മന്ത്രിസഭയെ അവതരിക്കാനാണ് സിപിഎം നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നത്.

ആരോഗ്യമന്ത്രിയെന്ന നിലയില്‍ രാജ്യാന്തര ശ്രദ്ധ നേടിയ കേന്ദ്ര കമ്മിറ്റി അംഗം കെകെ ശൈലജയെ നിലനിര്‍ത്തി മറ്റു മന്ത്രിമാരെയെല്ലാം മാറ്റുന്നതിനെക്കുറിച്ചാണ് പാര്‍ട്ടിയില്‍ ആലോചന. സെക്രട്ടേറിയറ്റിലെ ചര്‍ച്ചയ്ക്കു ശേഷം സംസ്ഥാന സമിതി യോഗമാവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

പുതുമുഖ മന്ത്രിസഭ എന്ന നിര്‍ദേശത്തിനു സ്വീകാര്യത ലഭിക്കുന്ന പക്ഷം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എംഎം മണി, ടിപി രാമകൃഷ്ണന്‍, സംസ്ഥാന സമിതി അംഗങ്ങളായ എസി മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ പുറത്താവും. കടകംപള്ളിയെ സ്പീക്കര്‍ സ്ഥാനത്തേക്കു പരിഗണിക്കുമെന്ന് സൂചനകളുണ്ട്. അതേസമയം ലോകായുക്ത പരാമര്‍ശത്തിന്റെ പേരില്‍ രാജിവച്ച കെടി ജലീലിനെ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കാത്ത പക്ഷം സ്പീക്കറാക്കാനും സാധ്യതയുണ്ട്.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എംവി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ മന്ത്രിസഭയില്‍ ഉണ്ടാവും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി രാജീവും കെഎന്‍ ബാലഗോപാലും മന്ത്രിമാരാവുമെന്നതും ഏതാണ്ട് ഉറപ്പാണ്. കെകെ ശൈലജയ്ക്ക് ആരോഗ്യത്തിനു പുറമേ പ്രധാനപ്പെട്ട മറ്റൊരു വകുപ്പു കൂടി നല്‍കാനിടയുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനാണ് സാധ്യത. ധനവകുപ്പ് പി രാജീവിനോ ബാലഗോപാലിനോ നല്‍കും. കെ രാധാകൃഷ്ണന് പിന്നാക്കക്ഷേമവും നിയമവും ആവും. 

കെടി ജലീല്‍ ഇല്ലാത്തപക്ഷം താനൂരില്‍ നിന്നുള്ള വി അബ്ദുറഹ്മാന്‍ മന്ത്രിസഭയില്‍ എത്തിയേക്കും. പൊന്നാന്നിയില്‍നിന്നുള്ള നന്ദകുമാറും പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്. ആലപ്പുഴയില്‍നിന്ന് പിപി ചിത്തരഞ്ജനോ സജി ചെറിയാനോ ഉണ്ടാവും. 

എംബി രാജേഷിനോ വീണാ ജോര്‍ജിനോ ആയിരിക്കും വിദ്യാഭ്യാസ വകുപ്പിനു സാധ്യത. വിഎന്‍ വാസവന് എക്‌സൈസ് വകുപ്പ് നേതൃത്വത്തിന്റെ ചര്‍ച്ചകളിലുണ്ട്. കഴിഞ്ഞ തവണ കടകംപള്ളി കൈകാര്യം ചെയ്ത ദേവസ്വവും സഹകരണവും വെവ്വേറെ മന്ത്രിമാരെ ഏല്‍പ്പിക്കുന്ന കാര്യം സിപിഎം നേതൃത്വം പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരത്തുനിന്ന് വി ശിവന്‍കുട്ടിയാണ് പരിഗണിക്കപ്പെടുന്നയാള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com