കോവിഡ് നിയന്ത്രണം ലംഘിച്ച് വൈദിക സമ്മേളനം; സിഎസ്‌ഐ സഭയ്‌ക്കെതിരെ കേസ് എടുത്തു; ബിഷപ്പ് ധര്‍മ്മരാജ് റസാലം പ്രതിയാകും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th May 2021 10:32 AM  |  

Last Updated: 06th May 2021 10:32 AM  |   A+A-   |  

csi

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മൂന്നാറില്‍ വൈദിക സമ്മേളനം സംഘടിപ്പിച്ചതിന് സിഎസ്‌ഐ സഭയ്‌ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പൊലീസ് കേസ് എടുത്തു. മൂന്നാര്‍ സിഎസ്‌ഐ ക്രൈസ്റ്റ് ചര്‍ച്ച് ഭാരവാഹികളും സമ്മേളനത്തില്‍ പങ്കെടുത്ത ദക്ഷിണ കേരള മഹാഇടവക വൈദികരും കേസില്‍ പ്രതികളാവും. ദക്ഷിണകേരള മഹാഇടവക ബിഷപ്പ് എ ധര്‍മ്മരാജ് റസാലവും കേസില്‍ പ്രതിയാകും. 

മൂന്നാറിലെ ധ്യനകേന്ദ്രത്തിലെ വാര്‍ഷിക ധ്യാനയോഗത്തില്‍ പങ്കെടുത്ത നൂറിലധികം സിഎസ്‌ഐ പുരോഹിതര്‍ക്കാണ് കോവിഡ് ബാധിച്ചത് രണ്ട് വൈദികര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടു.  സിഎസ്‌ഐ ബിഷപ്പ് ധര്‍മ്മരാജ് റസാലം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഏപ്രില്‍ 13 മുതല്‍ 17 വരെ വരെയായിരുന്നു സമ്മേളനം നടന്നത്. സമ്മേളനത്തില്‍ വിവിധ പള്ളികളില്‍ നിന്നായി 350 പുരോഹിതര്‍ പങ്കെടുത്തിരുന്നു. വൈദികന്‍ റവ. ബിജുമോന്‍, റവ. ഷൈന്‍ ബി രാജ് എന്നിവരാണ് മരിച്ചത്. രോഗബാധിതരായ പുരോഹിതരില്‍ പലരും കാരക്കോണത്തെ ഡോ. സോമര്‍വെല്‍ സി.എസ്.ഐ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്, മറ്റ് ചിലര്‍ വീടുകളിലും ചികിത്സയില്‍ തുടരുന്നു.

കോവിഡ് ബാധിച്ച പുരോഹിതരാരും ഗുരുതരാവസ്ഥയില്‍ ഇല്ലെന്നാണ് ആശുപത്രി അധികൃതരുടെ സ്ഥിരീകരണം. കുറച്ചു പേര്‍ ഗുരുതരാവസ്ഥയില്‍ ഉണ്ടായിരുന്നെങ്കിലും അപകടനില തരണം ചെയ്തതായും ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യാ സെക്രട്ടറിയായ ജേക്കബ് മാത്യു അറിയിച്ചു.

എന്നാല്‍ പ്രോട്ടോകോള്‍ പാലിച്ച് ധ്യാനം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെന്നാണ് സിഎസ്‌ഐ വൈദിക നേതൃത്വത്തിന്റെ വിശദീകരണം. ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും യോഗത്തില്‍ നിന്ന് ആര്‍ക്കും വൈറസ് ബാധയുണ്ടായിട്ടില്ലെന്ന് വൈദികര്‍ പറയുന്നു. വരുന്ന മാസം നടക്കാനിരിക്കുന്ന തെരഞ്ഞടുപ്പ് ലക്ഷ്യമിട്ട് സഭയെ അപകീര്‍ത്തിപ്പെടുത്താനുള്ള സിഎസ്‌ഐ വിരുദ്ധലോബികളുടെ ശ്രമമാണ് ഇതെന്നും വൈദികര്‍ പറയുന്നു.