തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാക്കാത്തതിന് കോവിഡ് രോ​ഗിക്ക് സസ്പെൻഷൻ, കളക്ടർക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് 

താനൂർ ടൗൺ സ്‌കൂളിലെ അധ്യാപിക സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ കലക്ടർക്ക് നോട്ടീസയച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: കോവിഡ് പോസിറ്റീവായ അധ്യാപിക തെരഞ്ഞെടുപ്പ് ജോലിക്ക് ഹാജരാക്കാത്തതിന് സസ്പെൻഡ് ചെയ്ത സംഭവത്തിൽ ജില്ലാ കളക്ടർക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. 10 ദിവത്തിനകം വിശദീകരണം സമർപ്പിക്കാനാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥിന്റെ ഉത്തരവ്. 

താനൂർ ടൗൺ സ്‌കൂളിലെ അധ്യാപിക സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ കലക്ടർക്ക് നോട്ടീസയച്ചത്. വേങ്ങര നിയോജക മണ്ഡലത്തിലെ പോളിംഗ് ഓഫീസറായാണ് പരാതിക്കാരിക്ക് നിയമനം ലഭിച്ചിരുന്നത്. കൊവിഡ് പോസിറ്റീവായ വിവരം മാർച്ച് 24 ന് തന്നെ റിട്ടേണിംഗ് ഓഫീസറെ അറിയിച്ചിരുന്നതാണെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞമാസം രണ്ടിന് കൊവിഡ് നെഗറ്റീവാകുകയും ഒമ്പത് വരെ നിരീക്ഷണത്തിൽ കഴിയുകയും ചെയ്തു. 

എന്നാൽ കൊവിഡ് പോസിറ്റീവാകുന്നത് തെരഞ്ഞെടുപ്പ് ജോലി ഒഴിവാക്കാൻ മതിയായ കാരണമല്ലെന്നാണ് റിട്ടേണിംഗ് ഓഫീസർ നൽകിയ മറുപടിയെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു. കഴിഞ്ഞമാസം 16 ന് പരാതിക്കാരിയെ ജില്ലാ കലക്ടർ സസ്പെൻഡ് ചെയ്തു. ഇതിനെതിരെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. സസ്പെൻഷൻ മുൻകാല പ്രാബല്യത്തോടെ റദ്ദാക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com