കോവിഡ് തീവ്രവ്യാപനം; കൂടുതൽ ജില്ലകൾ ഭാ​ഗീകമായി അടച്ചിടും; എറണാകുളത്ത് 74 പഞ്ചായത്തുകളിൽ ലോക്ക്ഡൗണിന് സമാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th May 2021 07:58 AM  |  

Last Updated: 06th May 2021 07:58 AM  |   A+A-   |  

covid cases in india

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ കൂടുതൽ ജില്ലകൾ ഭാ​ഗീകമായി അടച്ചിടാൻ സർക്കാർ ആലോചന. കോഴിക്കോടിനും എറണാകുളത്തിനും പിന്നാലെ മറ്റ് ജില്ലകളിലും നിയന്ത്രണം കടുപ്പിക്കും. 

ഞായറാഴ്ച വരെയാണ് നിലവിൽ സംസ്ഥാനത്ത് നിയന്ത്രണം. അത് നീട്ടാനാണ് സാധ്യത. സംസ്ഥാനത്ത് നിലവിൽ ഓക്സിജൻ പ്രതിസന്ധി ഇല്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വരും ദിവസങ്ങളിൽ സാഹചര്യം കൂടുതൽ വഷളാവുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. 

സംസ്ഥാന തല ഓക്സിജൻ വാർ റൂം പൂർണ സജ്ജമായി.കോവിഡ് വ്യാപനം അതിതീവ്രമായ എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ ഇന്ന് മുതൽ കടുപ്പിക്കും. ടിപിആർ നിരക്ക് 25ന് മുകളിലായ 74 പഞ്ചായത്തുകളിൽ ഇന്ന് വൈകുന്നേരം ആറ് മുതൽ ലോക്ക്ഡൗണിന് സമാനമാവും നിയന്ത്രണങ്ങൾ. 

ഈ മാസത്തെ ആദ്യ 5 ദിവസത്തിനുള്ളിൽ 24013 പേരാണ് രാജ്യത്ത് കോവിഡ് പോസിറ്റീവായത്. 58378 പേർ കോവിഡ് സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നു.26.54 ആണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ ആകെയുള്ള 82 പഞ്ചായത്തുകളിൽ എഴുപത്തിനാലിലും അതിതീവ്ര രോ​ഗവ്യാപനമാണ്.