'പരിഭ്രാന്തി വേണ്ട, അവശ്യ സാധനങ്ങൾ ഉറപ്പാക്കും; നമുക്കൊരുമിച്ച് ഈ പ്രതിസന്ധി മറികടക്കാം'- മുഖ്യമന്ത്രി

'പരിഭ്രാന്തി വേണ്ട, അവശ്യ സാധനങ്ങൾ ഉറപ്പാക്കും; നമുക്കൊരുമിച്ച് ഈ പ്രതിസന്ധി മറികടക്കാം'- മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയന്‍/ ഫയല്‍
മുഖ്യമന്ത്രി പിണറായി വിജയന്‍/ ഫയല്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിശക്തമായതിനാലാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക്ഡൗൺ വേളയിലും അവശ്യ സാധനങ്ങളും അവശ്യ സേവനങ്ങളും എല്ലാവർക്കും ലഭ്യമാക്കാൻ മതിയായ സംവിധാനങ്ങൾ ഒരുക്കുമെന്ന് അ​ദ്ദേഹം വ്യക്തമാക്കി. സാധനങ്ങൾ ശേഖരിച്ചു വച്ചില്ലെങ്കിൽ ബുദ്ധിമുട്ടാകുമെന്ന പരിഭ്രാന്തി കാരണം കടകളിൽ ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കരുത്. അത് ലോക്ക്ഡൗൺ നൽകേണ്ട ഗുണഫലം ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം

അതിശക്തമായി തുടരുന്ന കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ വേണ്ടിയാണ് മെയ് എട്ടാം തീയതി മുതൽ മെയ് പതിനാറാം തീയതി വരെ സംസ്ഥാന വ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചത്. ലോക്ഡൗണുമായി ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങൾ അധികം വൈകാതെ തന്നെ ജനങ്ങളെ അറിയിക്കും.

അവശ്യസാധനങ്ങളും അവശ്യ സേവനങ്ങളും ലോക്ഡൗൺ വേളയിലും എല്ലാവർക്കും ലഭിക്കാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കും. സാധനങ്ങൾ ശേഖരിച്ചു വച്ചില്ലെങ്കിൽ ബുദ്ധിമുട്ടാകുമെന്ന പരിഭ്രാന്തി കാരണം കടകളിൽ ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കരുത്. അത് ലോക്ഡൗൺ നൽകേണ്ട ഗുണഫലം ഇല്ലാതാക്കും. സാധനങ്ങൾ വീടിന് ഏറ്റവും അടുത്തുള്ള കടയിൽ നിന്നും ഏറ്റവും കുറഞ്ഞ സമയം കൊണ്ട് വാങ്ങുക. കൂടുതൽ ആളുകൾ തിങ്ങി നിറയുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ സൂപ്പർ മാർക്കറ്റുകൾ ശ്രദ്ധിക്കണം.

ജനങ്ങളെ ബുദ്ധിമുട്ടിലാക്കുക എന്നതല്ല ലോക്ഡൗണിന്റെ ലക്ഷ്യം. കോവിഡ് രോഗവ്യാപനം തടഞ്ഞ് എല്ലാവരേയും സുരക്ഷിതരാക്കുന്നതിനാണ് അത്തരമൊരു നടപടി എടുത്തിരിക്കുന്നത്. അത് വിജയിക്കാൻ ഏറ്റവും അനിവാര്യമായ കാര്യം ജനങ്ങളുടെ സഹകരണമാണ്. ഉത്തരവാദിത്വബോധത്തോടെ അതെല്ലാവരും ഉറപ്പു വരുത്തണം. നമുക്കൊരുമിച്ച് ഈ പ്രതിസന്ധി മറികടക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com