ജനങ്ങളെക്കൊണ്ട് തല്ലിക്കാതെ സ്വയം ഒരു കുഴിയെടുത്ത് മൂടുന്നതാകും നല്ലത്, യുഡിഎഫ് നേതാക്കൾക്കെതിരെ ഷിബു ബേബിജോൺ

മാധ്യമങ്ങളോട് എന്ത് പറയണം, പാർട്ടിവേദിയിൽ എന്ത് പറയണമെന്ന തിരിച്ചറിവ് പോലുമില്ലാത്തവരോട് സഹതപിക്കാൻ മാത്രമെ സാധിക്കുകയുള്ളു
ഷിബു ബേബി ജോണ്‍/ഫെയ്‌സ്ബുക്ക്‌
ഷിബു ബേബി ജോണ്‍/ഫെയ്‌സ്ബുക്ക്‌

തെരഞ്ഞെടുപ്പിൽ വലിയ പരാജയം ഏറ്റവുവാങ്ങിയതിന് പിന്നാലെ യുഡിഎഫ് നേതാക്കൾക്കിടയിൽ അസ്വാരസ്യങ്ങൾ ശക്തമാവുകയാണ്. പരസ്പരം വിമർശനവുമായി നിരവധി നേതാക്കളാണ് രം​ഗത്തെത്തിയത്. ഇപ്പോൾ പരസ്യമായി വിഴുപ്പലക്കുന്ന കോൺ​ഗ്രസ് നേതാക്കളുടെ നടപടിക്കെതിരെ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ട് വലിയൊരു പടുകുഴിയിലേക്ക് നിലംപതിച്ചിരിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിൽ നിലനിൽപ്പ് തന്നെ കൺമുമ്പിൽ ചോദ്യചിഹ്നമായി നിൽക്കുകയാണ് എന്നാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചത്. രഹസ്യമായും പരസ്യമായും വഴുപ്പലക്കിയുള്ള നേതാക്കളുടെ അധ:പതനത്തിനുള്ള മറുപടിയാണ് ജനം തന്നത്. എന്നാൽ ഇത് അം​ഗീകരിക്കാൻ തയാറാകുന്നില്ലെന്നും അദ്ദേഹം കുറിച്ചു. 

ഷിബു ബേബി ജോണിന്റെ ഫേയ്സ്ബുക്ക് കുറിപ്പ് വായിക്കാം

കേരളത്തിലെ മതേതര ജനാധിപത്യ ചേരിയായ ഐക്യജനാധിപത്യ മുന്നണി തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ട് വലിയൊരു പടുകുഴിയിലേക്ക് നിലംപതിച്ചിരിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിൽ നിലനിൽപ്പ് തന്നെ കൺമുമ്പിൽ ചോദ്യചിഹ്നമായി നിൽക്കുകയാണ്. എന്നാൽ അത് ഉൾക്കൊള്ളാൻ തയ്യാറാകാതെ പരസ്യമായും രഹസ്യമായുമൊക്കെ ഗ്രൂപ്പ് യോഗങ്ങൾ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തിൽ കൂടുതൽ അപഹാസ്യരാകുന്ന നേതാക്കളുടെ ഉദ്ദേശമെന്താണ്?
മാധ്യമങ്ങളോട് എന്ത് പറയണം, പാർട്ടിവേദിയിൽ എന്ത് പറയണമെന്ന തിരിച്ചറിവ് പോലുമില്ലാത്തവരോട് സഹതപിക്കാൻ മാത്രമെ സാധിക്കുകയുള്ളു.
നിങ്ങളുടെ ഈ അധ:പതനത്തിനുള്ള മറുപടിയാണ് ജനം തന്നത്. എന്നാൽ 'എന്നെ തല്ലണ്ടമ്മാ ഞാൻ നന്നാവൂല' എന്ന സന്ദേശമാണ് നിങ്ങൾ ജനങ്ങൾക്ക് നൽകാൻ ആഗ്രഹിക്കുന്നതെങ്കിൽ ഇനിയും അവരെ കൊണ്ട് തല്ലിക്കാതെ സ്വയം ഒരു കുഴിയെടുത്ത് മൂടുന്നതാകും നല്ലത്.
അല്ല... അതാണല്ലോ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com