കടകള്‍ നേരത്തെ അടയ്ക്കണം, നിര്‍മ്മാണ മേഖലയ്ക്ക് ഇളവ് നല്‍കരുത്, നിലപാട് അറിയിച്ച് പൊലീസ്; നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും, നിര്‍ണായക യോഗം ഇന്ന് 

നിര്‍മാണമേഖലയില്‍ അടക്കം കൂടുതല്‍ നിയന്ത്രണം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കോവിഡ് അതിതീവ്ര വ്യാപനം തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നാളെ മുതല്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക്ഡൗണിന്റെ  ഭാഗമായി സര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ കുറയ്ക്കണമെന്ന് പൊലീസ്. നിര്‍മാണമേഖലയില്‍ അടക്കം കൂടുതല്‍ നിയന്ത്രണം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

നിര്‍മ്മാണ മേഖലയില്‍ അടക്കം നല്‍കിയിരിക്കുന്ന ഇളവുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ഈ ദിവസങ്ങളില്‍ അത്തരം ദുരുപയോഗം ധാരാളം ശ്രദ്ധയില്‍പ്പെട്ടതായി പൊലീസ് ആശങ്ക അറിയിച്ചു. അങ്ങനെ തുടര്‍ന്നാല്‍ ലോക്ക്ഡൗണിന്റെ പൂര്‍ണമായ പ്രയോജനം ലഭിക്കില്ലെന്നും പൊലീസ് കരുതുന്നു. ഇക്കാര്യങ്ങള്‍ ഉന്നത പൊലീസ് അധികാരികള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ചീഫ് സെക്രട്ടറി അടക്കം പങ്കെടുക്കുന്ന ഉന്നതതല യോഗത്തില്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കുമെന്നാണ് വിവരം.

നിര്‍മ്മാണ മേഖലയ്ക്ക് പുറമെ സഹകരണ സൊസൈറ്റികള്‍ അടക്കമുള്ളവയ്ക്കും പ്രവര്‍ത്തിക്കാനും അനുവാദം നല്‍കിയിട്ടുണ്ട്. ഇതും ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളുടെ സമയം കുറയ്ക്കണം. മുന്‍ ലോക്ക്ഡൗണിന്റെ കാലത്തെ പോലെ കടകളുടെ പ്രവര്‍ത്തനസമയം വെട്ടിച്ചുരുക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഇളവുകള്‍ കൂട്ടിയാല്‍ യാത്രക്കാര്‍ കൂടുമെന്നും ലോക്ക്ഡൗണ്‍ കര്‍ശനമാകില്ലെന്നുമാണ് പൊലീസ് നിലപാട്. ലോക്ക്ഡൗണ്‍ ഉത്തരവിറങ്ങിയതിനുശേഷമാണ് മുഖ്യമന്ത്രിയെ നിലപാട് അറിയിച്ചത്.

നാളെ മുതല്‍ പതിനാറാം തീയതി വരെയാണ് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍. പൊതുഗതാഗതം അനുവദിക്കില്ല.അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി.  മെട്രോ ഒഴികെയുള്ള തീവണ്ടി സര്‍വീസുകളും വിമാന സര്‍വീസുകളും ഉണ്ടാകും. പലചരക്ക് ,പച്ചക്കറി കടകള്‍ രാത്രി 7.30ന് അടക്കണം. വിവാഹം, ശവസംസ്‌ക്കാരം എന്നീ ചടങ്ങുകള്‍ക്ക് ഇരുപതു പേര്‍ മാത്രമേ പാടുള്ളൂ. കോവിഡ് വ്യാപനത്തിന്റെ രൂക്ഷത വിലയിരുത്തിയ ശേഷം ലോക്ക് ഡൗണ്‍ നീട്ടണമോ എന്ന് തീരുമാനിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com