അയല്‍വീട്ടുകാരുമായി ഇടപെടുമ്പോള്‍ ഡബിള്‍ മാസ്‌ക് വേണം, എന്തെങ്കിലും വാങ്ങിയാല്‍ കൈ കഴുകണം; മുന്നറിയിപ്പ് 

അയല്‍വീട്ടുകാരുമായി ഇടപെടുമ്പോള്‍ ഡബിള്‍ മാസ്‌ക് വേണം, എന്തെങ്കിലും വാങ്ങിയാല്‍ കൈ കഴുകണം; മുന്നറിയിപ്പ് 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രൂക്ഷമാവുന്ന സാഹചര്യത്തില്‍ വീട്ടിന് അകത്തും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്. ഇന്നത്തെ സ്ഥിതിയില്‍ വീട്ടിനകത്ത് രോഗപ്പകര്‍ച്ച ഉണ്ടാവാന്‍ സാധ്യത കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, കോവിഡ് അവലോകന യോഗത്തിനു ശേഷം പറഞ്ഞു.

വെളിയില്‍ പോയി വരുന്നവരില്‍ നിന്നും അയല്‍പക്കക്കാരില്‍ നിന്നും രോഗം പകരാന്‍ സാധ്യതയുണ്ട്.  വീടിനുള്ളില്‍ പൊതു ഇടങ്ങള്‍ കുറയ്ക്കണം. ഭക്ഷണം കഴിക്കല്‍, ടിവി കാണല്‍, പ്രാര്‍ത്ഥന എന്നിവ ഒറ്റയ്‌ക്കോ  പ്രത്യേക മുറിയിലോ ആവുന്നതാണ് നല്ലത്. അയല്‍വീട്ടുകാരുമായി ഇടപെടുമ്പോള്‍ ഡബിള്‍ മാസ്‌ക് നിര്‍ബന്ധമാക്കണം. അവരില്‍നിന്ന് എന്തെങ്കിലും സ്വീകരിച്ചാല്‍ കൈകഴുകണം. പുറത്ത് പോയി വരുന്ന  മുതിര്‍ന്നവര്‍ കുട്ടികളുമായി  അടുത്ത്  ഇടപഴകുന്നത് ഒഴിവാക്കണം. 

വീട്ടില്‍ വായുസഞ്ചാരം ഉറപ്പാക്കാന്‍ ജനലുകള്‍ തുറന്നിടണം. ഭക്ഷണം കഴിച്ചശേഷം പാത്രം സോപ്പിട്ട് കഴുകണം.

ശനിയാഴ്ച മുതല്‍ കേരളം സമ്പൂര്‍ണ അടച്ചിടലിലേക്ക് നീങ്ങുകയാണെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തിന്റേയും ലോക്ക് ഡൗണിന്റേയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസം തുടരും. കിറ്റുകള്‍ അടുത്ത ആഴ്ച  കൊടുത്തു തുടങ്ങും. അതിഥി തൊഴിലാളികള്‍ക്കും ഭക്ഷ്യ കിറ്റ് വിതരണം ചെയ്യും. ലോക്ക്ഡൗണ്‍ ഘട്ടത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് പോകാന്‍ പൊലീസ് പാസ്  നല്‍കും.

തട്ടുകടകള്‍  ലോക്ക് ഡൗണ്‍ കാലത്ത് തുറക്കരുത്. വാഹന റിപ്പയര്‍ വര്‍ക്ക്‌ഷോപ്പ് ആഴ്ച അവസാനം രണ്ടു ദിവസം തുറക്കാം.
ഹാര്‍ബര്‍ ലേലം ഒഴിവാക്കും. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. പള്‍സ് ഓക്‌സിമീറ്ററുകള്‍ക്ക് വലിയ ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി എടുക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com