പള്‍സ് ഓക്‌സിമീറ്ററിനും മാസ്‌കിനും അമിത വില ഈടാക്കിയാല്‍ നടപടി

മാസ്‌കിനും പള്‍സ് ഓക്‌സിമീറ്ററിനും അമിത വില ഈടാക്കുന്നവര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: മാസ്‌കിനും പള്‍സ് ഓക്‌സിമീറ്ററിനും അമിത വില ഈടാക്കുന്നവര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. പടരുന്നത് തീവ്ര വ്യാപന സ്വഭാവമുള്ള വൈറസ് ആണെന്നും അദ്ദേഹം പറഞ്ഞു. 

വീടുകളില്‍ കഴിയുന്നവര്‍ക്ക് ശ്വാസ തടസ്സം അനുഭവപ്പെടുന്ന സാഹചര്യത്തിലോ, പള്‍സ് ഓക്‌സി മീറ്ററില്‍ ഓക്‌സിജന്‍ നില കുറയുന്ന സാഹചര്യത്തിലോ അവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലേയ്ക്ക് മാറ്റേണ്ടതാണ്. അത്തരമൊരു ഘട്ടത്തില്‍ ഉടനടി ചെയ്യേണ്ടത് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിലെ കോണ്ടാക്റ്റ് പേര്‍സണെ ആ വിവരം അറിയിക്കുക എന്നതാണ്. ആര്‍.ആര്‍.ടി ആ വിവരം ജില്ലാ കണ്ട്രോള്‍ യൂണിറ്റിലേയ്ക്ക് കൈമാറുകയും  ജില്ലാ കണ്ട്രോള്‍ യൂണിറ്റ് ഷിഫ്റ്റിംഗ് ടീമിനു നിര്‍ദ്ദേശം നല്‍കുകയും ചെയ്യും. രോഗാവസ്ഥയുടെ സ്വഭാവമനുസരിച്ച് ഈ ഷിഫ്റ്റിംഗ് ടീം രോഗിയെ സി.എഫ്.എല്‍.ടി.സിയിലേയ്‌ക്കോ,സി.എസ്.എല്‍.ടിസിയിലേയ്‌ക്കോ, കോവിഡ് കെയര്‍ ഹോസ്പിറ്റലുകളിലേയ്‌ക്കോ, ആവശ്യമെങ്കില്‍ മെഡിക്കല്‍ കോളേജിലേക്കോ മാറ്റുന്നതായിരിക്കും. 

ഇതിനായി ആംബുലന്‍സുകള്‍ എല്ലായിടത്തും വിന്യസിച്ചിട്ടുണ്ട്. ഇതോടൊപ്പം പഞ്ചായത്തുകളുടെ കീഴിലുള്ള ആംബുലന്‍സുകളും മറ്റു വാഹനങ്ങളും ഈ കേന്ദ്രീകൃത പൂളില്‍ ഉള്‍പ്പെടുത്തി മെഡിക്കല്‍ ഷിഫ്റ്റിംഗ് സംവിധാനത്തെ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഷിഫ്റ്റിംഗ് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. 

ഓരോ വാര്‍ഡിലും ആവശ്യത്തിന് മരുന്ന് ഉറപ്പാക്കണം. കിട്ടാത്ത മരുന്നുകള്‍ മറ്റിടങ്ങളില്‍ നിന്ന് എത്തിക്കണം. മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യത ആവശ്യത്തിന് ഉണ്ടോ എന്ന് പരിശോധിക്കണം. ഉപകരണങ്ങള്‍ക്ക് അമിതവില ഈടാക്കുന്ന പ്രശ്‌നമുണ്ടെങ്കില്‍ ജില്ലാ ഭരണസംവിധാനത്തിന്റെ  ശ്രദ്ധയില്‍പ്പെടുത്തണം. പള്‍സ് ഓക്‌സിമീറ്റര്‍ ,  മാസ്‌ക് എന്നിവയ്ക്ക് അമിതവില ഈടാക്കുന്നതിനെതിരെ  കര്‍ശന നടപടി എടുക്കും.  

തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വാര്‍ഡ് തല സമിതികള്‍ക്ക് ആവശ്യമായ സഹായം അപ്പപ്പോള്‍ ലഭ്യമാക്കണം.  വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാക്കുന്നതിനും വാര്‍ഡ് സമിതികള്‍ക്ക് ഫലപ്രദമായി ഇടപെടാന്‍ കഴിയും. ശവശരീരം മാനദണ്ഡങ്ങള്‍ പാലിച്ചു  കൊണ്ട് മറവ് ചെയ്യാനോ സംസ്‌കരിക്കാനോ ഉള്ള  സഹായവും വാര്‍ഡ് തല സമിതികള്‍ നല്‍കണം. മുന്‍പ് വാങ്ങിയവരില്‍ നിന്നും പള്‍സ് ഓക്‌സി മീറ്ററുകള്‍ ശേഖരിച്ച് അതിന്റെ ഒരു പൂള്‍ ഉണ്ടാക്കാനും വാര്‍ഡ് തല സമിതികള്‍ നേതൃത്വം കൊടുക്കണം.-അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com