കേരളത്തിൽ ഇന്നും വേനൽ മഴ; ശക്തമായ മിന്നലിന് സാധ്യത 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th May 2021 08:26 AM  |  

Last Updated: 10th May 2021 08:26 AM  |   A+A-   |  

kerala rain

ഫയല്‍ ചിത്രം

 

കൊച്ചി: സംസ്ഥാവത്ത് ഇന്നും വേനൽ മഴയ്ക്ക് സാധ്യത. ശക്തമായ മിന്നലിന് സാധ്യതയുള്ളതിനാൽ ജാഗ്രത വേണം. കർണാടക-കേരള തീരത്തും അതിനോട് ചേർന്നുള്ള ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 40-50കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ പോകരുതെന്ന് നിർദേശമുണ്ട്.

ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഇന്നും നാളെയും കൊല്ലം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.