കോവിഡ് രോ​ഗികൾക്ക് 1350 രൂപയുടെ കഞ്ഞി; കുടിച്ചാൽ ഇറങ്ങില്ലെന്ന് ഹൈക്കോടതി

1350 രൂപയായിരുന്നു കഞ്ഞിയുടെ വില. ഈ തുകയ്ക്ക് കഞ്ഞി കിട്ടിയാൽ അത് കഴിച്ചാൽ ഇറങ്ങില്ലെന്ന് കോടതി പറഞ്ഞു. 
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

കൊച്ചി: സ്വകാര്യ ആശുപത്രി കോവിഡ് രോ​ഗികളിൽ നിന്ന് ഈടാക്കിയ കഞ്ഞി വിലയെ വിമർശിച്ച് ഹൈക്കോടതി. 1350 രൂപയായിരുന്നു കഞ്ഞിയുടെ വില. ഈ തുകയ്ക്ക് കഞ്ഞി കിട്ടിയാൽ അത് കഴിച്ചാൽ ഇറങ്ങില്ലെന്ന് കോടതി പറഞ്ഞു. 

കഞ്ഞി സ്വർണം പോലെ സൂക്ഷിക്കേണ്ടി വരുമല്ലോ എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കോടതി ഇടപെടലിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ആശുപത്രികളിലെ നിരക്ക് നിശ്ചയിച്ച് ഉത്തരവിറക്കിയ സംസ്ഥാന സർക്കാരിനെ തിങ്കളാഴ്ച കോടതി അഭിനന്ദിച്ചു. 

പിപിഇ കിറ്റിന്റെ പേരിൽ കോവിഡ് രോ​ഗികളിൽ നിന്ന് പൈസ പിഴിയുന്നതും അവസാനിപ്പിക്കും. 5 പിപിഇ കിറ്റുകൾ വരെ ഐസിയുവിൽ ആകാമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. ഇതോടെ രോ​ഗികളിൽ നിന്ന് 5 പിപിഇ കിറ്റുകളുടെ തുക ഈടാക്കാൻ സാധിക്കില്ല. 

സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്ക് അമിത വില ഈടാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് നിരക്ക് നിശ്ചയിച്ച കാര്യം സംസ്ഥാനസർക്കാർ ബോധിപ്പിച്ചത്. സാധാരണ ആശുപത്രികളിലെ ജനറൽ വാർഡിൽ പ്രതിദിനം 2645 രൂപയാണ് നിരക്കായി നിശ്ചയിച്ചത്. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ഇതിൽ ഉൾപ്പെടും. 

എൻഎബിഎച്ച് അംഗീകാരമുള്ള വലിയ ആശുപത്രികളിൽ ജനറൽ വാർഡിന് 2910 വരെ രോഗികളിൽ നിന്ന് ഈടാക്കാം. ഹൈ ഡിപ്പൻഡൻസി വിഭാഗത്തിൽ സാധാരണ ആശുപത്രിയിൽ 3795 രൂപയും വലിയ ആശുപത്രികളിൽ 4175 രൂപയുമാണ് നിരക്കായി നിശ്ചയിച്ചത്.  വലിയ ആശുപത്രികളിൽ ഐസിയുവിന് 8550 രൂപ വരെ ഈടാക്കാം. സാധാരണ ആശുപത്രികളിൽ ഇത് പരമാവധി 7800 രൂപയാണ്. വലിയ ആശുപത്രികളിൽ വെന്റിലേറ്റർ സഹായത്തോടെയുള്ള ഐസിയുവിന് 15180 രൂപയാണ് നിരക്കായി നിശ്ചയിച്ചത്. സാധാരണ ആശുപത്രികളിൽ ഇത് 13800 രൂപയാണെന്നും ഉത്തരവിൽ പറയുന്നു.

പിപിഇ കിറ്റിന് സ്വകാര്യ ആശുപത്രികൾ അമിത വില ഈടാക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. ഇതിന് പരിഹാരമായി ജനറൽ വാർഡിൽ രണ്ടു പിപിഇ കിറ്റ് മാത്രം മതിയെന്ന് ഉത്തരവിൽ പറയുന്നു.ഐസിയുവിൽ അഞ്ചു പിപിഇ കിറ്റ് വരെയാകാം. പിപിഇ കിറ്റിന് വരുന്ന ചെലവ് രോഗികളിൽ നിന്നാണ് ഈടാക്കുന്നത്. അമിത വില ഈടാക്കുന്ന ആശുപത്രികൾക്കെതിരെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് അനുസരിച്ച് പത്തിരട്ടി വരെ പിഴ ഈടാക്കുമെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com