'അവരുടെ ദൈന്യതയില്‍ മനം നൊന്തു' ; കോവിഡ് ബാധിച്ചു മരിച്ചവര്‍ക്കായി പൊതുശ്മശാനത്തിന് ഭൂമി വിട്ടുനല്‍കി കോണ്‍ഗ്രസ് നേതാവ്

ജില്ലാകളക്ടറുടെ അനുമതി ലഭിച്ചാലുടന്‍ പൊതുശ്മശാനം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു
ഫയല്‍ ചിത്രം, ബിനു തോമസ്‌
ഫയല്‍ ചിത്രം, ബിനു തോമസ്‌


തിരുവനന്തപുരം : കോവിഡ് മഹാമാരിയില്‍ മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി ബന്ധുക്കള്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് രാജ്യത്ത്. സംസ്ഥാനത്തെ പൊതുശ്മശാനങ്ങളിലും മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള നീണ്ട ക്യൂവാണ്. ഇതിനിടെ, കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസകരമാകുന്ന നടപടിയുമായി രംഗത്തെത്തിയിക്കുകയാണ് ബിനു തോമസ് എന്ന 46 കാരന്‍. 

തിരുവനന്തപുരം ജില്ലയിലെ വിളവൂര്‍ക്കല്‍ സ്വദേശിയും മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ബിനു തോമസ് കോവിഡ് ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കാന്‍ തന്റെ ഉടമസ്ഥതയിലുള്ള 66 സെന്റ് ഭൂമി വിളവൂര്‍ക്കല്‍, പള്ളിച്ചല്‍ പഞ്ചായത്തുകള്‍ക്ക് നല്‍കുകയായിരുന്നു. മുക്കുന്നിമല മുകളിലെ സ്ഥലമാണ് പഞ്ചായത്തുകള്‍ക്ക് പൊതു ശ്മശാനം നിര്‍മ്മിക്കാന്‍ ബിനു വിട്ടുകൊടുത്തത്. 

ഇതുസംബന്ധിച്ച കരാറില്‍ ബിനുവും പഞ്ചായത്ത് അധികൃതരും ശനിയാഴ്ച ഒപ്പുവെച്ചു. മാറനല്ലൂര്‍, നെടുമങ്ങാട്, തിരുവനന്തപുരം നഗരസഭയുടെ ശാന്തികവാടം എന്നീ പൊതുശ്മശാനങ്ങളാണ് നിലവില്‍ വിളവൂര്‍ക്കല്‍, പള്ളിച്ചല്‍ പഞ്ചായത്തു പ്രദേശവാസികള്‍ക്ക് ആശ്രയമായിരുന്നത്. കോവിഡ് ബാധിച്ച് മരിച്ചയാളെ സംസ്‌കരിക്കാന്‍ 48 മണിക്കൂറോളം കാത്തുനില്‍ക്കേണ്ടി വന്ന കുടുംബത്തിന്റെ ദയനീയാവസ്ഥയാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ബിനു തോമസ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 

ശനിയാഴ്ച നാലുപേരാണ് വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇവരെ ഞായറാഴ്ച രാത്രി മാത്രമാണ് സംസ്‌കരിക്കാനായത്. ഇതാണ് പൊതു ശ്മശാനത്തിനായി സ്ഥലം വിട്ടുകൊടുക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നും ബിനു പറയുന്നു. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് ബിനു തോമസ്. ബിനു തോമസിന്റെ പ്രവൃത്തി മാതൃകാപരമെന്ന് കാട്ടാക്കട എംഎല്‍എ ഐ ബി സതീഷ് ബാബു പറഞ്ഞു. ജില്ലാകളക്ടറുടെ അനുമതി ലഭിച്ചാലുടന്‍ പൊതുശ്മശാനം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com