ഇന്ന് ചെറിയ പെരുന്നാൾ; ഈദ് ​ഗാഹുകളും സമൂഹ പ്രാർത്ഥനയും ഇല്ല, ആഘോഷം വീടിനുള്ളിൽ

ബന്ധുവീടുകളിലെ സന്ദര്‍ശനം ഒഴിവാക്കി പകരം ഓൺലൈനിലൂടെ ആശംസകൾ അറിയിക്കാനാണ് നിർദേശം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി; കടുത്ത നിയന്ത്രണങ്ങൾക്കിടെ ഇന്ന് ചെറിയ പെരുന്നാൾ. മുപ്പത് ദിവസത്തെ വ്രതാനുഷ്ഠാനത്തിനൊടുവില്‍ എത്തുന്ന പെരുന്നാൾ ആഘോഷം ഇത്തവണ വീടുകൾക്കുള്ളിലേക്ക് ചുരുക്കിയിരിക്കുകയാണ്. കൊവിഡ് മഹാമാരിക്കാലമായതിനാല്‍ ആഘോഷങ്ങളില്‍ മിതത്വം വേണമെന്ന് ഖാസിമാർ നിര്‍ദേശിച്ചു. ഈദ്ഗാഹുകളും പള്ളികളിലെ സമൂഹ പ്രാർത്ഥനകളും ഒഴിവാക്കി. ബന്ധുവീടുകളിലെ സന്ദര്‍ശനം ഒഴിവാക്കി പകരം ഓൺലൈനിലൂടെ ആശംസകൾ അറിയിക്കാനാണ് നിർദേശം. 

വിശ്വാസികൾക്ക് മുഖ്യമന്ത്രി പെരുന്നാൾ ആശംസകൾ നേർന്നു. ഒത്തു ചേരലുകളും സന്തോഷം പങ്കു വെക്കലുകളും ഏതൊരു ആഘോഷവേളകളെയും പോലെ പെരുന്നാളിലും പ്രധാനമാണ്. എന്നാൽ കൂട്ടം ചേരലുകൾ നമ്മെ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷങ്ങൾ കുടുംബത്തിൽ തന്നെ ആകണം. പെരുന്നാൾ നമസ്കാരം വീടുകളിൽ തന്നെ നിർവഹിച്ച് വ്രത കാലത്ത് കാണിച്ച കരുതൽ പെരുന്നാൾ ദിനത്തിലും കാത്ത് സൂക്ഷിക്കാൻ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ലോക ജനത കൊവിഡ് കാരണം ദുഖത്തിലാണെന്നും സൗഹാർദ്ദവും സ്നേഹവും കാത്തുസൂക്ഷിക്കണമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രിമുത്തുക്കോയ തങ്ങൾ പറഞ്ഞു. ശാന്തിയുടെ സന്ദേശം പ്രചരിപ്പിക്കാനുള്ള അവസരമായി ഈദ് ആഘോഷത്തെ കാണണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. കൊവിഡ് സാഹചര്യത്തിൽ ബന്ധുവീടുകളിലെ സന്ദർശനവും മറ്റും ഒഴിവാക്കണമെന്നും പരമാവധി കരുതൽ വേണമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com