ടെല്‍ അവീവില്‍ നിന്ന് പ്രത്യേക വിമാനം; സൗമ്യയുടെ മൃതദേഹം മറ്റന്നാള്‍ നാട്ടിലെത്തിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th May 2021 07:07 PM  |  

Last Updated: 13th May 2021 07:07 PM  |   A+A-   |  

saumya_santhosh

സൗമ്യ സന്തോഷ്‌ന്യൂഡല്‍ഹി: ഇസ്രയേലില്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം മറ്റന്നാള്‍ നാട്ടിലെത്തിക്കും. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഇസ്രയേലിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് കുമാര്‍ സിഗ്ലയുമായി സംസാരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. നാളെ രാത്രി ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മൃതദേഹം ആദ്യം ഡല്‍ഹിയിലെത്തിക്കും. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടാല്‍ നടപടികള്‍ വൈകാം.

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിനിടെയാണ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇസ്രായേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. അഷ്‌കലോണില്‍ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിലായിരുന്നു മരണം. 

ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് ഷെല്ലാക്രമണത്തിനിരയായത്. 2017 ല്‍ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭര്‍ത്താവും മകനും നാട്ടിലാണ്.