18ന് മുകളിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ തിങ്കളാഴ്ച ആരംഭിക്കും; രജിസ്ട്രേഷൻ നാളെ മുതൽ

18ന് മുകളിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ തിങ്കളാഴ്ച ആരംഭിക്കും; രജിസ്ട്രേഷൻ നാളെ മുതൽ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് 18 നും 45 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിൻ വിതരണം തിങ്കളാഴ്ച ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിനേഷനുള്ള രജിസ്ട്രേഷൻ നാളെ മുതൽ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സംസ്ഥാനത്ത് കോവിഷീല്‍ഡ് വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂര്‍ത്തിയായവര്‍ക്ക് മാത്രമേ നാളെ മുതല്‍ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നല്‍കിയിട്ടുള്ള പുതുക്കിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് ഈ മാറ്റം. ഇതനുസരിച്ച് 12 മുതല്‍ 16 ആഴ്ചകള്‍ക്കുള്ളില്‍ കോവിഷീല്‍ഡ് രണ്ടാമത്തെ ഡോസ് വാക്സിന്‍ എടുത്താല്‍ മതിയാകും. 

എന്നാല്‍ കോവാക്സിന്‍ രണ്ടാമത്തെ ഡോസ് മുമ്പ് നിശ്ചയിച്ചിട്ടുള്ളതു പോലെ തന്നെ നാല് മുതല്‍ ആറ് ആഴ്ചക്കുള്ളില്‍ എടുക്കണം. ഇതില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  

രണ്ടാം ഡോസ് എടുക്കുമ്പോള്‍ 84 മുതല്‍ 112 ദിവസങ്ങളുടെ ഇടവേള കൂടുതല്‍ ഫലപ്രാപ്തി നല്‍കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് കൂട്ടേണ്ട കാര്യമില്ല. എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

വൃദ്ധ സദനത്തിലുള്ളവര്‍, ആദിവാസി കോളനിയിലുള്ളവര്‍ എന്നിവര്‍ക്ക് വാക്‌സിനേഷന്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആംബുലന്‍സ് ഡ്രൈവര്‍മാരില്‍ വാക്‌സിനേഷന്‍ എടുക്കാത്തവര്‍ക്കും അടിയന്തരമായി ലഭ്യമാക്കും.  

വാക്‌സിന്‍ എടുത്ത് കഴിഞ്ഞാലും മാസ്‌ക് ധരിക്കുകയും കൈകള്‍ ഇടയ്ക്ക് വൃത്തിയാക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. സമൂഹത്തിലെ എല്ലാവരും വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷിതരാകുന്നത് വരെ പ്രതിരോധത്തിനായുള്ള പ്രാഥമിക കാര്യങ്ങള്‍ എല്ലാവരും തുടരണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com