കോഴിക്കോട് 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതീവ ഗുരുതര മേഖല; നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

കോഴിക്കോട് 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതീവ ഗുരുതര മേഖല; നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
പ്രതീകാത്മക ചിത്രം/ ഫയൽ
പ്രതീകാത്മക ചിത്രം/ ഫയൽ

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ് സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനം കടന്ന ഒളവണ്ണ, തൂണേരി, കോട്ടൂർ, ചേളന്നൂർ, വാണിമേൽ, അഴിയൂർ, കാരശ്ശേരി, ഉണ്ണികുളം, കക്കോടി, വളയം, ഗ്രാമപഞ്ചായത്തുകളെയും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികളെയുമാണ് അതീവ ഗുരുതര  തദ്ദേശസ്വയംഭരണസ്ഥാപനങ്ങളായി പ്രഖ്യാപിച്ചത്. 

ഇവിടങ്ങളിൽ ഒരാഴ്ചത്തേക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഈ പ്രദേശങ്ങളിൽ മരുന്ന്, ഭക്ഷണം എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ ഒഴികെ ബാക്കിയുള്ളവക്ക് പ്രവർത്തിക്കാൻ അനുമതിയില്ല. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക്  രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് മൂന്ന് മണിവരെ പ്രവർത്തിക്കാം. 

ഈ പ്രദേശങ്ങളിൽ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. ആശുപത്രികൾ,  മെഡിക്കൽ ഷോപ്പുകൾ എന്നിവയ്ക്ക് തുറന്നു പ്രവർത്തിക്കാം. അത്യാവശ്യ കാര്യങ്ങൾക്കോ ചികിത്സ ആവശ്യത്തിനോ അല്ലാതെ ഇത്തരം പ്രദേശങ്ങളിൽ നിന്ന് പുറത്തേക്കോ മറ്റു പ്രദേശങ്ങളിൽ നിന്ന് ഇവിടേയ്ക്കോ ആളുകൾക്ക് പ്രവേശിക്കാൻ അനുവാദമില്ല. 

അത്യാവശ്യ സാധനങ്ങൾ ആവശ്യമുള്ളവർക്ക് അവ വീടുകളിൽ എത്തിച്ചു നൽകുന്നുണ്ട് എന്ന് ആർആർടി വളണ്ടിയർമാർ  ഉറപ്പു വരുത്തണം. മതിയായ കാരണങ്ങളില്ലാതെ ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല. ഈ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അതിരുകൾ പൊലീസ് സീൽ ചെയ്യും. പൊലീസ്, സെക്ടർ മജിസ്ട്രേറ്റ്, താലൂക്ക് ഇൻസിഡന്റ് കമാൻഡർമാർ എന്നിവർ നിയന്ത്രണങ്ങൾ കർശനമായി നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com