വാറ്റിനുള്ള കോട കലക്കി സൂക്ഷിച്ചത് മൊബൈൽ മോർച്ചറിയിൽ, കള്ളവാറ്റ് നടത്തിയ ആംബുലൻസ് ഉടമ അറസ്റ്റിൽ

150 ലിറ്ററോളം കോടയാണ് മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട; ചാരായം വാറ്റുന്നതിനുള്ള കോട മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ച ആംബുലൻസ് ഉടമ അറസ്റ്റിൽ. അടൂരിലെ ആംബുലൻസിന്റെ ഉടമയും ഡ്രൈവറുമായ കണ്ണംകോട് കൊണ്ടങ്ങാട്ട് താഴേതിൽ പുത്തൻവീട്ടിൽ അബ്ദുൾ റസാഖാണ് പൊലീസിന്റെ പിടിയിലായത്.  ഇയാളുടെ വീട്ടിൽ അനധികൃതമായി ചാരായം വാറ്റുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിച്ച് എത്തിയപ്പോഴാണ് മോർച്ചറിക്കുള്ളിൽ കാട കലക്കി സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തിയത്. 

അടൂർ ഡിവൈഎസ്പി ബി.വിനോദിന് രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് സി.ഐ. ബി.സുനുകുമാർ, വനിതാ എസ്.ഐ. നിത്യാസത്യൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം പോലീസുകാർ, റസാഖ് താമസിക്കുന്ന കണ്ണംകോട്ടെ വീട്ടിലെത്തി. തൊട്ടടുത്തുള്ള ഇയാളുടെതന്നെ പഴയ വീട്ടിൽ സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്, പ്രവീൺ, ജയരാജ് എന്നിവർ വേഷം മാറി വാറ്റുചാരായം വാങ്ങാനും ചെന്നു. ഇവിടെ ആ സമയം ഗ്യാസ് അടുപ്പിൽ ചാരായം വാറ്റുകയായിരുന്നു. തുടർന്നാണ്  കൈയോടെ പൊക്കിയത്.

150 ലിറ്ററോളം കോടയാണ് മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്നത്. അബ്ദുൾ റസാഖിനെയും ചാരായം വാറ്റിക്കൊണ്ടിരുന്ന സഹായി തമിഴ്‌നാട് സ്വദേശി അനീസിനെയും(46) അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന സോബിൻ തമ്പി ഓടിരക്ഷപ്പെട്ടു. മോർച്ചറിക്കുപുറമേ കലത്തിലും വീപ്പയിലുമായി 20 ലിറ്റർ കോടയും പത്ത് ലിറ്റർ ചാരായവും കണ്ടെത്തി. ലോക്‌ഡൗൺ സമയമായതിനാൽ ഒരു ലിറ്റർ ചാരായം 2000 രൂപയ്ക്കാണ് ഇവർ വിറ്റിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com