'വെര്‍ച്വല്‍ റിയാലിറ്റിയല്ല, ലോകം; ആളുകളെയൊക്കെ വിളിച്ചു കൂട്ടി ആത്മവിശ്വാസത്തോടെ അധികാരത്തിലേറട്ടെ'

ജനപ്രതിനിധികള്‍ പലരും സാധാരണ മനുഷ്യരേക്കാള്‍ വമ്പിച്ച അധികാരം കയ്യാളുന്നവരാണ് എന്നു മാത്രമല്ല, പലരും അഹങ്കാരത്തിന്റെ ആള്‍രൂപങ്ങളുമാണ്
പിണറായി വിജയന്‍ ചിത്രം ഫെയ്‌സ്ബുക്ക്‌
പിണറായി വിജയന്‍ ചിത്രം ഫെയ്‌സ്ബുക്ക്‌

എംഎന്‍ കാരശ്ശേരി മാഷ് വിഷാദ രോഗത്തെക്കുറിച്ച് പറഞ്ഞതിലുള്ള 'അശാസ്ത്രീയത 'പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു അധ്യാപകന്റെ 'ജൈവിക ബോധ്യ'ങ്ങള്‍ എന്നതിലാണ് ആ ഒരു സംസാരത്തെ കാണേണ്ടത്.' 'ഫീല്‍ ഗുഡ്' സിനിമകള്‍, സംഗീതം ,പുസ്തകം  ഒക്കെയുള്ളത് പോലെ തന്നെ, വിഷാദ ഗര്‍ത്തങ്ങളിലേക്ക് മനുഷ്യരെ തള്ളിയിടുന്നവയുമുണ്ട്. സിനിമയും വായനയും സംഗീതവും 'മരുന്നല്ല'.പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന ഡോക്ടറുടെ അരികില്‍ ആരെങ്കിലും ചികിത്സക്ക് പോയാല്‍ 'മരുന്ന്' എന്ന നോവല്‍ വായിക്കാന്‍ കൊടുത്താല്‍ രോഗം മാറില്ല, രോഗാവസ്ഥ നിര്‍ണയിച്ച് അതിന് 'കഴിക്കാനുള്ള ' മരുന്ന് തന്നെ കൊടുക്കണം. പുസ്തകം വായിക്കാനുള്ള മരുന്നായും സംഗീതത്തെ കേള്‍ക്കാനുള്ള മരുന്നായും സിനിമയെ കാണാനള്ള മരുന്നായുമൊക്കെ ' ആലങ്കാരിക 'മായി പറയാമെങ്കിലും, വാസ്തവം അങ്ങനെയല്ല. ഔഷധചികിത്സ ആവശ്യമായ രോഗങ്ങള്‍ക്ക് ,ഔഷധം തന്നെ നല്‍കണം.വിഷാദ രോഗം, അനുഭവസ്ഥരായ ചില ചങ്ങാതിമാരുടെ വര്‍ത്തമാനത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചത്, അവരെല്ലാം മികച്ച ഡോക്ടര്‍മാരുടെയും മരുന്നുകളുടെയും സഹായത്തോടെയാണ് 'വിഷാദ പര്‍വ്വം' നേരിടുകയോ അതിജീവിക്കുകയോ തുടരുകയോ ചെയ്യുന്നത് എന്നാണ്. 'പുസ്തകപ്പുഴു ' വിനും വിഷാദരോഗം വരാം.എന്നാല്‍ ,'വിഷാദ രോഗത്തെക്കുറിച്ചു' പറയേണ്ടത് 'വിദഗ്ദ്ധരാണ് ' എന്നത് അത്ര പ്രോത്സാഹിപ്പിക്കപ്പെടേണ്ട പ്രവണതയല്ല. ഡൊസ്‌റ്റോവ്‌സ്‌കിയുടെ നോവലുകളില്‍ നിന്നാണ് മനുഷ്യ ബോധത്തിലെ ദുരൂഹമായ വാസനകളെ പഠിക്കാന്‍ പലര്‍ക്കും സഹായകരമായി തീര്‍ന്നത്. മതത്തെക്കുറിച്ച് പുരോഹിതന്മാര്‍ പറയട്ടെ എന്നത് പോലെ ബാലിശമായ വാദം പോലെ മാത്രമാണിത്. ജൈവികമായ ചില ബോധ്യങ്ങള്‍ ആര്‍ക്കും അവതരിപ്പിക്കാം. എന്നാല്‍, കാരശ്ശേരി മാഷ് പറയുമ്പോള്‍, അതില്‍ മലയാളികളുടെ രാഷ്ട്രീയ ആകാംക്ഷ കള്‍ കൂടി കടന്നു വരുന്നുണ്ട്. അതാണ് കാരശ്ശേരി മാഷുടെ പ്രഭാഷണത്തിലെ കൗതുകകരമായ ഒരു പോയിന്റായി തോന്നിയത്. 'പത്രം വായിക്കാം, പിണറായി മന്ത്രി സഭയില്‍ ആരെക്കെ മന്ത്രിമാരാവും.. എന്നാലോചിക്കാം ....'ഇങ്ങനെ 'ആകാംക്ഷ'കളിലൂടെ വിഷാദ രോഗത്തെ മറികടക്കാം എന്നത് ഒരു ലളിത യുക്തി മാത്രമാണ്. എന്നാല്‍, വിഷാദ രോഗവുമായി ബന്ധമില്ലാത്തതാണെങ്കിലും 'മലയാളികളുടെ ആകാംക്ഷ'കളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് രാഷ്ട്രീയമാണ് എന്ന സൂചന അതിലുണ്ട്.


ഇപ്പോള്‍ തന്നെ മന്ത്രിസഭാ രൂപീകരണം വെര്‍ച്വലാക്കണം എന്ന അഭിപ്രായം ഉയര്‍ന്നു വന്നിട്ടുണ്ട്.'ജനങ്ങള്‍ക്ക് ഒരു നിയമം, ജനപ്രതിനിധികള്‍ക്ക് മറ്റൊരു നിയമം ' എന്ന നീതി പാടില്ല എന്ന് ചിലര്‍ ഉറച്ച ശബ്ദത്തില്‍ പറയുന്നുണ്ട്. ഇടതുപക്ഷ ധാരയില്‍ നിന്നവരില്‍ നിന്നു തന്നെ ആ അഭിപ്രായമുണ്ട്. കോവിഡ് രണ്ടാം തരംഗത്തിലാണ്, പിണറായി മന്ത്രിസഭയുടെ രണ്ടാം വരവ്. കോവി ഡിനെക്കുറിച്ച് വാര്‍ത്താ സമ്മേളനത്തിലൂടെ വിശദമായ മുന്നറിയിപ്പുകള്‍ നല്‍കുന്ന മുഖ്യമന്ത്രി, 'വെര്‍ച്വലായി 'ആ ചടങ്ങ് നടത്തി മാതൃകയാവണം എന്ന ആഗ്രഹചിന്തയെ പിന്തുണക്കുമ്പോള്‍ തന്നെ, 'ജനപ്രതിനിധികള്‍ക്കും പൗരന്മാര്‍ക്കും രണ്ടു നിയമം ' എന്ന മുന്‍ഗണനാ രീതികള്‍ പരിപാടി വെര്‍ച്വലാക്കിയാല്‍ മാറുമെന്നോ അത്തരമൊരു സന്ദേശം ജനങ്ങളിലെത്തിക്കാന്‍ അത് സഹായിക്കുമെന്നോ ഉള്ള ശുഭാപ്തി വിശ്വാസത്തിനൊന്നും വലിയ പ്രസക്തിയില്ല. കാരണം, ജനപ്രതിനിധികള്‍ പലരും സാധാരണ മനുഷ്യരേക്കാള്‍ വമ്പിച്ച അധികാരം കയ്യാളുന്നവരാണ് എന്നു മാത്രമല്ല, പലരും അഹങ്കാരത്തിന്റെ ആള്‍രൂപങ്ങളുമാണ്. ഫ്യൂഡല്‍ സുവര്‍ണ മോഹങ്ങളുമായി ,ജീവിക്കുന്ന 'ചിലരെ 'പോലും നമുക്ക് രാഷ്ട്രീയ ലോകത്ത് കാണാം. പലപ്പോഴും പല രാഷ്ട്രീയക്കാരും (എല്ലാവരുമല്ല) ജനങ്ങളുടെയോ ദേശ നന്മയുടെയോ പ്രതിനിധികളല്ല, ' അവരവരുടെ ആഗ്രഹങ്ങളുടെയും ആനന്ദ 'ങ്ങളുടെയും പ്രതിനിധികള്‍ മാത്രമാണ്. അതു കൊണ്ട് ' ജനങ്ങള്‍ക്കും നേതാക്കന്മാര്‍ക്കും 'രണ്ടു നിയമവും നീതിയും എന്ന തോന്നലുണ്ടാക്കും' എന്ന ഉത്കണ്ഠ അപ്രസക്തമാണ്. മിക്കവാറും അത് അങ്ങനെ തന്നെയാണ്.

മന്ത്രിസഭ പന്തല്‍ കെട്ടി, കോവിഡ് പ്രോട്ടോകള്‍ പാലിച്ചു കൊണ്ടു തന്നെ ( മാസ്‌ക് ധരിക്കുക, സാനിറ്റൈസ് ചെയ്യുക, അകന്നകന്ന് കസേരകള്‍ നിരത്തുക...) കുറേ ആളുകളെ പങ്കെടുപ്പിച്ചു തന്നെ നടത്തമെന്നാണ് ഒരു മലയാളി പൗരന്‍ എന്ന നിലയില്‍ ആഗ്രഹിക്കുന്നത്. അവര്‍, ഓരോ മന്ത്രിയും ജനപ്രതിനിധിയും 'കൂട്ട 'ത്തി ലേക്ക് പോകേണ്ടവരാണ്. വെര്‍ച്വല്‍ റിയാലിറ്റിയല്ല, ലോകം. പന്തലൊക്കെ കെട്ടി, ആളുകളെയൊക്കെ വിളിച്ചു കൂട്ടി ആത്മവിശ്വാസത്തോടെ അധികാരത്തിലേറട്ടെ. ചിലരെങ്കിലും, വെര്‍ച്വലായി സത്യപ്രതിജ്ഞ ചെയ്താല്‍ പോരെ എന്നാഗ്രഹിച്ചേക്കാം. വേഗം ഒന്ന് 'കസേര 'യിരിക്കാനുള്ള ആഗ്രഹം സമ്മതിക്കാനേ പാടില്ല. നമ്മുടെ ആവശ്യങ്ങള്‍ ,ബുദ്ധിമുട്ടുകള്‍  ' ഓഫീസിനുള്ളില്‍ ഇരുന്നു കൊണ്ടു മാത്രമല്ല ' പുറത്ത് നടന്നു 'കൊണ്ടും നടപ്പാക്കാനാണ് നാം അവരെ തിരഞ്ഞെടുത്തിരിക്കുന്നത്.


അതു കൊണ്ട് അവര്‍ പന്തല്‍ കെട്ടി, സത്യപ്രതിജ്ഞ ചെയ്യട്ടെ.


മന്ത്രിസഭ എങ്ങനെ അധികാരമേല്‍ക്കുന്നു എന്നത് നമ്മുടെ 'വിഷാദ പര്‍വ്വ'ങ്ങളില്‍ പെടേണ്ട വിഷയമല്ല. ഓണ്‍ ലൈനായി മാത്രം കാര്യങ്ങള്‍ ഏറ്റെടുക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് നാമവരെ തള്ളി വിടരുത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com