കോവിഡ് സ്ഥിരീകരിച്ച നഴ്സിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇറക്കിവിട്ടു, റോഡരികിൽ നിന്നത് ഒരു മണിക്കൂർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th May 2021 07:43 AM  |  

Last Updated: 17th May 2021 07:43 AM  |   A+A-   |  

covid positive nurse

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ; ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്സിനോട് സ്വകാര്യ ആശുപത്രിയുടെ ക്രൂരത. കോവിഡ് സ്ഥിരീകരിച്ച നഴ്സിനെ ആശുപത്രിയിൽ നിന്ന് ഇറക്കിവിട്ടുവെന്നാണ് പരാതി. ഒരു മണിക്കൂറിലധികം റോഡരികിൽ നിന്ന നഴ്സിനെ വീട്ടുകാർ എത്തിയാണ് ഫസ്റ്റ‍് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയത്. 

കരുവാറ്റ സ്വദേശിനിയായ നഴ്സിനു ഡ്യൂട്ടിക്കിടയിലാണ് രോഗലക്ഷണം ഉണ്ടായത്. തുടർന്ന് പരിശോധന നടത്തുകയും ഫലം വന്നപ്പോൾ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. അതിന് പിന്നാലെയാണ് ആശുപത്രിയിൽ നിന്ന് പുറത്തിറക്കി നിർത്തിയത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ പറയുന്നു. 

എന്നാൽ പുറത്തിറക്കി നിർത്തുന്ന വിവരം അറിയിച്ചിരുന്നില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. മറ്റുള്ളവർക്കു പകരാതിരിക്കാൻ സഹപ്രവർത്തകർ ചെയ്തതാകാമെന്നും പരിശോധിച്ചു നടപടി എടുക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.