കേരള നിയമസഭയ്ക്ക് ആദ്യ വനിതാ സ്പീക്കര്‍?; വീണാ ജോര്‍ജിനു സാധ്യത; സിപിഎം നേതൃത്വത്തിന്റെ സജീവ പരിഗണനയില്‍

പുതിയ നിയമസഭയില്‍ വനിതയെ സ്പീക്കര്‍ ആക്കണമെന്ന നിര്‍ദേശം സിപിഎം നേതൃത്വത്തിന്റെ സജീവ പരിഗണനയില്‍
വീണാ ജോര്‍ജ്‌/ഫയല്‍
വീണാ ജോര്‍ജ്‌/ഫയല്‍

തിരുവനന്തപുരം: പുതിയ നിയമസഭയില്‍ വനിതയെ സ്പീക്കര്‍ ആക്കണമെന്ന നിര്‍ദേശം സിപിഎം നേതൃത്വത്തിന്റെ സജീവ പരിഗണനയില്‍. ആറന്മുള എംഎല്‍എ വീണ ജോര്‍ജിനെയാണ് സ്പീക്കര്‍ പദവിയിലേക്കു പരിഗണിക്കുന്നത്.

മന്ത്രിസഭയില്‍ വനിതാ പ്രാതിനിധ്യം കൂട്ടുക, വനിതയെ സ്പീക്കര്‍ ആയി നിയോഗിക്കുക എന്നീ നിര്‍ദേശങ്ങള്‍ സിപിഎം നേതൃത്വം സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും തുടര്‍ന്നു നടക്കുന്ന സംസ്ഥാന സമിതിയിലുമാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.

കെകെ ശൈലജ ഒഴികെ കഴിഞ്ഞ മന്ത്രിസഭയില്‍നിന്ന് ആരും ഇക്കുറി ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ശൈലജയ്ക്കു പുറമേ രണ്ടാമത്തെ വനിതാ മന്ത്രിയായി വീണാ ജോര്‍ജിനെ പരിഗണിക്കുന്നതായി നേരത്തെ തന്നെ സൂചനകള്‍ വന്നിരുന്നു. എന്നാല്‍ വനിതാ സ്പീക്കര്‍ എ്ന്ന നിര്‍ദേശത്തിനു പ്രാമുഖ്യം ലഭിച്ചാല്‍ വീണയെ അതിലേക്കു പരിഗണിക്കും. സിപിഎമ്മിന്റെ മന്ത്രിസ്ഥാനം കഴിഞ്ഞ തവണത്തേക്കാള്‍ ഒന്നു കുറവാണ് എന്നതിനാല്‍ വനിതാ പ്രാതിനിധ്യം കൂട്ടുന്നത് പ്രായോഗിക തടസ്സമുണ്ടാക്കുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. സാമുദായിക പ്രാതിനിധ്യം, മേഖലാ പ്രാതിനിധ്യം തുടങ്ങിയവ ഒക്കെ പരിഗണിച്ചുകൊണ്ടായിരിക്കും മന്ത്രിസഭാംഗങ്ങളെ തെരഞ്ഞെടുക്കുക. 

സ്പീക്കര്‍ സ്ഥാനത്തേക്ക് വനിതയെ നിയോഗിച്ചാല്‍ അത് മുന്നണിക്കു തന്നെ ബഹുമതിയായി മാറുമെന്നാണ് ഈ ആശയം മുന്നോട്ടുവച്ചവര്‍ ചൂണ്ടിക്കാട്ടുന്നത്. മാധ്യമ പ്രവര്‍ത്തന രംഗത്തുനിന്നു വന്ന വീണ ഇതിനു യോജ്യയാണെന്നും അവര്‍ പറയുന്നു. സെക്രട്ടേറിയറ്റ് ഈ നിര്‍ദേശം അംഗീകരിച്ചാല്‍ സംസ്ഥാന സമിതിക്കു മുന്നില്‍ വയ്ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com