അന്യസംസ്ഥാന ലോട്ടറി വില്‍പ്പന വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി; സിംഗിള്‍ ബെഞ്ച് വിധിക്കു സ്‌റ്റേ 

സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വില്‍പ്പന വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

കൊച്ചി: സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വില്‍പ്പന വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. അന്യസംസ്ഥാന ലോട്ടറി വില്‍പ്പന വിലക്കി കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കി കൊണ്ടുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു.

2018ലാണ് അന്യസംസ്ഥാന ലോട്ടറി നിരോധിച്ച് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. കേരളം ലോട്ടറി മുക്ത സംസ്ഥാനമല്ലാത്തതിനാല്‍ അന്യ സംസ്ഥാന ലോട്ടറിയുടെ വില്‍പ്പന നിരോധിക്കാന്‍ സാധിക്കില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഡിസംബറില്‍ വിജ്ഞാപനം റദ്ദാക്കിയത്. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്.

സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങള്‍ പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് എന്ന് ചൂണ്ടിക്കാണിച്ചാണ് ഡിവിഷന്‍ ബെഞ്ചിനെ സര്‍ക്കാര്‍ സമീപിച്ചത്. സംസ്ഥാനത്ത് വില്‍ക്കുന്ന ലോട്ടറിയുടെ വിശദാംശങ്ങള്‍ ചോദിക്കാന്‍ അനുവദിക്കുന്ന നിയമം ഉണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നും അപ്പീലില്‍ സര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്.

2018ലാണ് അന്യസംസ്ഥാന ലോട്ടറികളുടെ വില്‍്പ്പന നിരോധിച്ച് കൊണ്ടുള്ള വിജ്ഞാപനം സര്‍ക്കാര്‍ ഇറക്കിയത്. ഇതിലെ ഒരു വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. അന്യസംസ്ഥാന ലോട്ടറികളുടെ നടത്തിപ്പ് ചുമതല സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഒരു ഉദ്യോഗസ്ഥനായിരിക്കുമെന്ന് വ്യക്തമാക്കുന്ന വിജ്ഞാപനത്തിലെ ഒരു വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. വിജ്ഞാപനത്തിലെ ബാക്കി എല്ലാ വ്യവസ്ഥകളും അംഗീകരിച്ച് കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com