വൈദ്യുതി കേരള കോണ്‍ഗ്രസിന്, സിപിഐ വകുപ്പുകള്‍ മാറില്ല; എല്‍ഡിഎഫില്‍ ധാരണ

നിലവിലെ ഫോര്‍മുല അനുസരിച്ച് സിപിഎമ്മിന് ഒരു മന്ത്രിസ്ഥാനം നഷ്ടമാവും. സിപിഎം കൈകാര്യം ചെയ്തിരുന്ന ഒരു വകുപ്പും ഘടകകക്ഷികള്‍ക്കു പോവും
പിണറായി വിജയന്‍/ഫയല്‍
പിണറായി വിജയന്‍/ഫയല്‍

തിരുവനന്തപുരം: മന്ത്രിസ്ഥാനം വീതംവയ്ക്കുന്നതില്‍ ധാരണയായതിനൊപ്പം വകുപ്പു വിഭജനം സംബന്ധിച്ചും എല്‍ഡിഎഫ് നേതൃത്വം തീരുമാനത്തിലെത്തിയതായി സൂചന. ആര്‍ക്കൊക്കെ ഏതൊക്കെ വകുപ്പുകള്‍ എന്ന കാര്യം സിപിഎം ഘടകകക്ഷികളെ അറിയിച്ചതായാണ് അറിയുന്നത്.

ലോക്താന്ത്രിക് ജനതാ ദള്‍ ഒഴികെയുള്ള ഘടകകക്ഷികള്‍ക്കു മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കാന്‍ ഇന്നലെ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായിരുന്നു. സിപിഎമ്മിനു പന്ത്രണ്ടും സിപിഐക്കു നാലും മന്ത്രിമാരാവും ഉണ്ടാവുക. കേരള കോണ്‍ഗ്രസ്, എന്‍സിപി, ജനതാ ദള്‍ എന്നിവയ്ക്ക് ഓരോ മന്ത്രിസ്ഥാനം നല്‍കും. ശേഷിച്ച രണ്ടു മന്ത്രിസ്ഥാനങ്ങള്‍ ഊഴമിട്ട് കേരള കോണ്‍ഗ്രസി ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എസ്, ഐഎന്‍എല്‍ എന്നിവയ്ക്കു ലഭിക്കും. 

നിലവിലെ ഫോര്‍മുല അനുസരിച്ച് സിപിഎമ്മിന് ഒരു മന്ത്രിസ്ഥാനം നഷ്ടമാവും. സിപിഎം കൈകാര്യം ചെയ്തിരുന്ന ഒരു വകുപ്പും ഘടകകക്ഷികള്‍ക്കു പോവും. വൈദ്യുതി വകുപ്പ് കേരള കോണ്‍ഗ്രസിനു നല്‍കുമെന്നാണ് സൂചന. കേരള കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട റോഷി അഗസ്റ്റിന്‍ ആയിരിക്കും മന്ത്രി.

സിപിഐക്കു കഴിഞ്ഞ തവണ കൈകാര്യം ചെയ്ത വകുപ്പുകള്‍ ഇത്തവണയും ലഭിക്കും. റവന്യു, കൃഷി, ഭക്ഷ്യം, വനം വകുപ്പുകളായിരിക്കും സിപിഐയ്ക്ക്. ഇതില്‍ വനംവകുപ്പിന്റെ കാര്യത്തില്‍ മാത്രം ചര്‍ച്ചയാവാമെന്ന നിലപാട് നേരത്തെ പാര്‍ട്ടി നേതൃത്വം മുന്നോട്ടുവച്ചിരു്ന്നു. മറ്റു വകുപ്പുകള്‍ സിപിഐ ഏറെക്കാലമായി കൈകാര്യം ചെയ്തുവരുന്നതാണ്.

തുറമുഖം, ജലസേചനം, കായികം, ഗതാഗതം എന്നിവയായിരിക്കും ചെറുകക്ഷികള്‍ക്കായി നീക്കിവയ്ക്കുന്ന വകുപ്പുകള്‍. മറ്റു പ്രധാന വകുപ്പുകള്‍ സിപിഎം വിട്ടുനല്‍കാനിടയില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com