ടൗട്ടെ ചുഴലിക്കാറ്റ്: കെഎസ്ഇബിക്ക് 46.65 കോടിയുടെ നഷ്ടം

പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്താകെ 23,417 വിതരണ ട്രാന്‍സ്‌ഫോര്‍മറുകളിലാണ് വൈദ്യുതി തടസ്സമുണ്ടായത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം



തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിനോടനുബന്ധിച്ച് അറബിക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തിലുടനീളം വീശിയടിച്ച കാറ്റിലും പേമാരിയിലും കെഎസ്ഇബിയ്ക്ക് വന്‍ നാശനഷ്ടം. ഏകദേശം 46.65 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായതെന്ന് കെഎസ്ഇബി പത്രക്കുറിപ്പില്‍ പറഞ്ഞു. 

പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്താകെ 23,417 വിതരണ ട്രാന്‍സ്‌ഫോര്‍മറുകളിലാണ് വൈദ്യുതി തടസ്സമുണ്ടായത്.  68 വിതരണ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് കേടുപാടുണ്ടായി. 710 ഹൈ ടെന്‍ഷന്‍ പോസ്റ്റുകളും 4763 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു. ഹൈ ടെന്‍ഷന്‍ വൈദ്യുതി കമ്പികള്‍ പൊട്ടിവീണ 615കേസുകളും ലോ ടെന്‍ഷന്‍ കമ്പികള്‍ പൊട്ടിവീണ 17,959കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 38,93,863 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസ്സപ്പെട്ടു. 

കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളെയാണ് പ്രകൃതി ദുരന്തം ഏറ്റവുമധികം ബാധിച്ചത്. കൊല്ലം ജില്ലയില്‍ എഴുന്നൂറിലേറെ വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. 7,29,888പേര്‍ക്ക് വൈദ്യുതി മുടങ്ങി. ആലപ്പുഴ ജില്ലയില്‍  600ല്‍പ്പരം പോസ്റ്റുകള്‍ കേടായി. 5,83,216 പേര്‍ക്ക് വൈദ്യുതി തടസ്സമുണ്ടായി. തിരുവനന്തപുരം ജില്ലയില്‍ 950 ലേറെ പോസ്റ്റുകള്‍ക്കാണ് കേടുപാടുണ്ടായത്. 6,49,139 ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.

കോവിഡ് മഹാമാരി ഉയര്‍ത്തുന്ന പ്രതിസന്ധികളും തികച്ചും പ്രതികൂലമായ കാലാവസ്ഥയും അതിജീവിച്ച് അവധി ദിനങ്ങളില്‍പ്പോലും കെഎസ് ഇബി ജീവനക്കാര്‍ പൂര്‍ണ്ണ തോതില്‍ 24 മണിക്കൂറും സജീവമായിരുന്നു. കോവിഡ്  ചികിത്സാ കേന്ദ്രങ്ങളിലേക്കും ഓക്‌സിജന്‍ പ്ലാന്റുകളിലേക്കും വാക്‌സിന്‍ സംഭരണ കേന്ദ്രങ്ങളിലേക്കുമുള്ള വൈദ്യുതി യുദ്ധകാലാടിസ്ഥാനത്തില്‍ത്തന്നെ പുന:സ്ഥാപിച്ചു നല്‍കി.  

വിതരണ ട്രാന്‍സ്‌ഫോര്‍മറുകള്‍, ഒഠ ലൈനുകള്‍, ഘഠ ലൈനുകള്‍, വ്യക്തിഗത പരാതികള്‍ എന്നിങ്ങനെയുള്ള മുന്‍ഗണനാ ക്രമത്തില്‍ ഒട്ടുമിക്ക തകരാറുകളും പരിഹരിച്ചു കഴിഞ്ഞു. ബാക്കിയുള്ളവ എത്രയും വേഗം പരിഹരിക്കാനുള്ള തീവ്രയത്‌നം തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com