നിയമങ്ങള്‍ പിണറായി വിജയന് ബാധകമല്ലെന്ന് പലയാവര്‍ത്തി കേരളം തെളിയിച്ചതാണ്; വി മുരളീധരന്‍

21 മന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ എന്തിനാണ് 500 പേര്‍ ..?
പിണറായി വിജയന്‍ / ഫയല്‍
പിണറായി വിജയന്‍ / ഫയല്‍

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍. മരണമടഞ്ഞ പ്രിയപ്പെട്ടവരെപ്പോലും അവസാനമായി ഒന്ന് കാണാനാവാതെ ഹൃദയംനൊന്ത് കഴിയുന്ന നൂറുകണക്കിന് മനുഷ്യരെ പരിഹസിക്കുന്നതാണ് 500 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞാ മാമാങ്കമെന്ന് വി മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.  ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുള്ള നഗരത്തില്‍ ചട്ടലംഘനത്തിന്  ഈ നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുക്കേണ്ടതാണെന്നും മുരളീധരന്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം

'ജനങ്ങളെല്ലാം തുല്യരാണെങ്കിലും ചിലര്‍ കൂടുതല്‍ തുല്യരാ'ണെന്ന ഓര്‍വെലിയന്‍ പ്രയോഗം ആവര്‍ത്തിച്ചുറപ്പിക്കുകയാണ് പിണറായിവിജയനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും. 
മരണമടഞ്ഞ പ്രിയപ്പെട്ടവരെപ്പോലും അവസാനമായി ഒന്ന് കാണാനാവാതെ ഹൃദയംനൊന്ത് കഴിയുന്ന നൂറുകണക്കിന് മനുഷ്യരെ പരിഹസിക്കുന്നതാണ് 500 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞാ മാമാങ്കം.
ജനങ്ങള്‍ക്ക് മാതൃകയാകേണ്ട സര്‍ക്കാര്‍ ഈ തീരുമാനം പുനപരിശോധിക്കണം..
വഴികാട്ടികളാവേണ്ട ജനപ്രതിനിധികള്‍തന്നെ ജനത്തെ വഴിതെറ്റിക്കരുത്....
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് കേരളമെന്ന ചെറിയ സംസ്ഥാനമെന്ന് മറക്കരുത്....
21 മന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ എന്തിനാണ് 500 പേര്‍ ..?
കുടുംബാംഗങ്ങളുടെയും സകല ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ വേണം സത്യപ്രതിജ്ഞയെന്ന് ഏത് ചട്ടമാണ് പറയുന്നത് ...?
അസാധാരണസാഹചര്യത്തില്‍ അസാധാരണ നടപടികള്‍ ആവാമെന്ന് പറയുന്ന നേതാവല്ലേ പിണറായി വിജയന്‍...?
കേന്ദ്രമന്ത്രിസഭായോഗം മാസങ്ങളായി ഓണ്‍ലൈനായാണ് ചേരുന്നത്..
സാമൂഹ്യഅകലം പാലിച്ച് ഇരിക്കാന്‍ സ്ഥലമില്ലാഞ്ഞിട്ടല്ല, ജനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ സന്ദേശം കൂടിയാണ് ഓണ്‍ലൈന്‍ മന്ത്രിസഭായോഗങ്ങള്‍......
ജനാധിപത്യത്തില്‍ ഭരണാധികാരികള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന മാതൃക മുഖ്യമാണ്.....
ഭരണത്തുടര്‍ച്ച എന്തും ചെയ്യാന്‍ ജനം നല്‍കിയ ലൈസന്‍സാണെന്ന മട്ടിലായിരുന്നു ഇടതുമുന്നണിനേതാക്കളുടെ കേക്കുമുറിച്ചുള്ള ആഘോഷം..!
കുടുംബാംഗങ്ങള്‍ക്കിടയില്‍പ്പോലും സാമൂഹ്യഅകലം പാലിക്കണമെന്ന് നിര്‍ദേശിച്ച മുഖ്യമന്ത്രി നേതാക്കളെ ചുറ്റും നിര്‍ത്തി കേക്കുമുറിച്ചതിലൂടെ എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കിയത് . ..?
 ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുള്ള നഗരത്തില്‍ ചട്ടലംഘനത്തിന്  ഈ നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുക്കേണ്ടതാണ്.
നിയമങ്ങള്‍ പിണറായി വിജയന് ബാധകമല്ലെന്ന് പലയാവര്‍ത്തി കേരളം തെളിയിച്ചതാണ്.
കോവിഡ് ബാധിതനായ മുഖ്യമന്ത്രിയും കുടുംബവും ചികില്‍സാ പ്രോട്ടോക്കോള്‍ പാലിക്കാതിരുന്നത് മുമ്പ് !ഞാന്‍ ചൂണ്ടിക്കാട്ടിയതാണ്.
എന്തിനെയും  ന്യായീകരിക്കാന്‍ പണംകൊടുത്ത് വച്ചിട്ടുള്ള പിആര്‍ സംഘമുണ്ടെന്ന ആത്മവിശ്വാസമാണ് സിപിഎമ്മിന്.
ന്യായീകരണത്തൊഴിലാളികള്‍ സമൂഹമാധ്യമങ്ങളിലും ടെലിവിഷന്‍ ചര്‍ച്ചകളിലും കളംനിറയുമ്പോള്‍ ഇളിഭ്യരാവുന്നത് സാധാരണജനമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com