മലപ്പുറത്തും ബ്ലാക്ക് ഫംഗസ്; ശസ്ത്രക്രിയയിലൂടെ കണ്ണ് നീക്കം ചെയ്തു, ആശങ്ക

കോവിഡ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിനിടെ, ആശങ്ക വര്‍ധിപ്പിച്ച് മലപ്പുറത്തും കൊല്ലത്തും ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: കോവിഡ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിനിടെ, ആശങ്ക വര്‍ധിപ്പിച്ച് മലപ്പുറത്തും കൊല്ലത്തും ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറം തിരൂര്‍ ഏഴൂര്‍ സ്വദേശിക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. കണ്ണിനെയാണ് ബാധിച്ചത്. ഫംഗസ് ബാധ പടരാതിരിക്കാന്‍ ഒരു കണ്ണ് നീക്കം ചെയ്തു.കൊല്ലത്ത് യുവതിയിലാണ് മ്യൂക്കര്‍മൈക്കോസിസ് കണ്ടെത്തിയത്.

തിരൂരില്‍ 62കാരനാണ് ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ മാസം 25നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. മഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു ചികിത്സ. മെയ് രണ്ടിന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ വിശ്രമത്തിലിരിക്കേ കണ്ണിന് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് ചികിത്സ തേടിയെത്തിയപ്പോഴാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. ആദ്യം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലാണ് പോയത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ഇടതു കണ്ണ് നീക്കം ചെയ്തു. തലച്ചോറിലേക്ക് ഫംഗസ് ബാധ പടരുമെന്ന ഡോക്ടറുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് വീട്ടുകാരുടെ സമ്മതപ്രകാരമാണ് ഇടതുകണ്ണ് നീക്കം ചെയ്തത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലക്ഷകണക്കിന് രൂപയാണ് ചികിത്സയ്ക്കായി ചെലവഴിച്ചത്.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള മൂന്ന് തമിഴ്‌നാട് സ്വദേശികളടക്കം ഏഴ് പേരിലാണ് ബ്ലാക്ക് ഫംഗസ് ബാധ ആദ്യം കണ്ടെത്തിയത്. 
കോവിഡ് ബാധിതരില്‍ ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശവും ചികിത്സയ്ക്കായി പ്രത്യേക മാര്‍ഗ നിര്‍ദേശവും പുറത്തിറക്കിയിട്ടുണ്ട്. 

കോവിഡ് രോഗികളില്‍ ഫംഗസ് രോഗബാധ കണ്ടെത്താന്‍ പരിശോധന നടത്തണമെന്ന്് പ്രത്യേക മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. ഫംഗസ് ബാധയ്ക്ക് സാധ്യത ഐസിയുവിലെ രോഗികളിലും ഐസിയുവിലെ അന്തരീക്ഷത്തിലുമാണ്. അതുകൊണ്ട് തന്നെ എല്ലാ ഐസിയുകളിലും ഫംഗസ് ബാധ ഉണ്ടോയെന്ന്  ഉടന്‍ തന്നെ പരിശോധന നടത്താനാണ്  ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നത്. അങ്ങനെ എവിടെയെങ്കിലും ഫംഗസ് ബാധ ഉണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം.  കോവിഡ് രോഗികളെ ഡിസ്ച്ചാര്‍ജ് ചെയ്യുമ്പോള്‍ ഫംഗസ് ബാധ ഉണ്ടാകാന്‍ ഉള്ള സാധ്യതയെക്കുറിച്ച് ബോധവത്ക്കരിക്കണം. 

ഗുരുതര പ്രമേഹ രോഗികളിലാണ് കൂടുതലായി ഫംഗസ് ബാധ കണ്ടുവരുന്നത്. ഇവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കണം. ഫംഗസ് ബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നുള്ള നിര്‍ദേശം രോഗികള്‍ക്ക് നല്‍കണം. ഫംഗസ് ബാധ തടയാന്‍ മാസ്‌ക് ഫലപ്രദമായി ഉപയോഗിക്കണം. മാസ്‌ക് ഉപയോഗം കൃത്യമായി പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com