കൊടൈക്കനാലിലെ ഫ്ളാറ്റും ആനയും ഗണേഷിന്; ഉഷയ്ക്ക് റബര്‍ തോട്ടം; പിള്ളയുടെ വില്‍പത്രത്തിലെ വിവരങ്ങള്‍ പുറത്ത് 

കൊടൈക്കനാലിലെ ഫഌറ്റും ആനയും ഗണേഷിന്; ഉഷയ്ക്ക് റബര്‍ തോട്ടം; പിള്ളയുടെ വില്‍പത്രത്തിലെ വിവരങ്ങള്‍ പുറത്ത് 
കെബി ഗണേഷ് കുമാര്‍ എംഎല്‍എ ഫയല്‍ ചിത്രം
കെബി ഗണേഷ് കുമാര്‍ എംഎല്‍എ ഫയല്‍ ചിത്രം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി സ്ഥാപക നേതാവ് അന്തരിച്ച ആര്‍ ബാലകൃഷ്ണപിള്ളയുടെ വില്‍പത്രത്തില്‍ തിരിമറി നടന്നെന്ന വിവാദങ്ങള്‍ക്കിടെ, സ്വത്ത് ഭാഗം ചെയ്യലിന്റെ വിവരങ്ങള്‍ പുറത്ത്. മൂന്നു മക്കള്‍ക്കും രണ്ടു ചെറുമക്കള്‍ക്കും ബാലകൃഷ്ണപിള്ള ചാരിറ്റബിള്‍ ട്രസ്റ്റിനും സ്വത്തു വീതിച്ചു നല്‍കിയാണു വില്‍പത്രം തയാറാക്കിയിട്ടുള്ളത്.

എംസി റോഡില്‍ ആയൂരിനു സമീപം 15 ഏക്കര്‍ റബര്‍ത്തോട്ടം മൂത്തമകള്‍ ഉഷ മോഹന്‍ദാസിന് അവകാശപ്പെട്ടതാണെന്നു വില്‍പത്രത്തില്‍ പറയുന്നു. വാളകം പാനൂര്‍കോണത്ത് അഞ്ച് ഏക്കര്‍ സ്ഥലം ഉഷയുടെ മക്കള്‍ക്കാണ്. കൊട്ടാരക്കര കീഴൂട്ട് വീട് ഉള്‍പ്പെട്ട 15 സെന്റും പൊലിക്കോട്ടെ രണ്ടര ഏക്കറും രണ്ടാമത്തെ മകള്‍ ബിന്ദുവിനും വാളകത്തെ വീടും സ്‌കൂളുകളും ഉള്‍പ്പെടുന്ന 5 ഏക്കര്‍ ഗണേഷ്‌കുമാറിനും അവകാശപ്പെട്ടതാണെന്നും വില്‍പത്രം പറയുന്നു. 

ഇടമുളയ്ക്കല്‍ മാര്‍ത്താണ്ടംകര സ്‌കൂളും കൊട്ടാരക്കര കീഴൂട്ട് വീട്ടിലെ 12 സെന്റും ആനയും കൊടൈക്കനാലിലെ ഫ്‌ലാറ്റും ഗണേഷിനാണെന്നുമുണ്ട്. ബാലകൃഷ്ണ പിള്ളയുടെ മരണശേഷം ഗണേഷാണു സ്‌കൂള്‍ മാനേജരെന്നും വില്‍പത്രത്തില്‍ പറയുന്നു. 

2020 ഓഗസ്റ്റ് 9 ന് പിള്ള സ്വന്തം ഇഷ്ടപ്രകാരമാണ് ഇതു ചെയ്തതെന്നും ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും വില്‍പത്രം തയാറാക്കിയതിനു നേതൃത്വം നല്‍കിയ കേരള കോണ്‍ഗ്രസ്(ബി) മണ്ഡലം പ്രസിഡന്റ് കെ.പ്രഭാകരന്‍ നായര്‍ അറിയിച്ചു. 

വില്‍പത്രത്തില്‍ തിരിമറി നടന്നതായി പിള്ളയുടെ മകള്‍ ഉഷാ മോഹന്‍ദാസ് മുഖ്യമന്ത്രിയെ അറിയിച്ചതായും ഈ തര്‍ക്കത്തെത്തുടര്‍ന്നാണ് കെബി ഗണേഷ്‌കുമാറിന് മന്ത്രിസഭയിലെ ആദ്യം ടേം നഷ്ടമായതെന്നും വാര്‍ത്തകള്‍ വ്ന്നിരുന്നു. എന്നാല്‍ ഗണേഷ് കുമാര്‍ ഇതു നിരസിച്ചു. മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലേക്കായതിന് കാരണം രാഷ്ട്രീയമാണമെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. സഹോദരി മുഖ്യമന്ത്രിയോട് പരാതി പറഞ്ഞതിനാല്ല തന്റെ മന്ത്രിസ്ഥാനം രണ്ടാമത് രണ്ടാമത് ആയത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ഈ മാസം മൂന്നിന് അന്തരിച്ച പിതാവിന്റെ വില്‍പത്രത്തില്‍ ചില തിരിമറികള്‍ നടന്നിട്ടുണ്ടെന്ന് ഉഷാ മോഹന്‍ദാസ് പിണറായിയെയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെയും നേരില്‍ കണ്ട് അറിയിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗണേഷാണ് ഈ തിരിമറിക്കു പിന്നിലെന്നാണ് അവര്‍ സംശയിക്കുന്നത്. കൊട്ടാരക്കരയിലും പത്തനാപുരത്തുമായി കോടിക്കണക്കിനു സ്വത്താണ് പിള്ളയ്ക്കുള്ളത്. ഇതോടൊപ്പം സോളാര്‍ കേസിലെ വിവാദ വനിതയുമായും ഗണേഷ് കുമാറുമായും ബന്ധപ്പെട്ട വിവരങ്ങളും സഹോദരി പിണറായിയെ അറിയിച്ചു.

പുതിയ സര്‍ക്കാര്‍ സ്ഥാനമേല്‍ക്കുമ്പോള്‍ അതിലെ ഒരംഗവുമായി ബന്ധപ്പെട്ട് ഇത്തരമൊരു വിവാദം ഉയരാന്‍ സിപിഎം ആഗ്രഹിക്കുന്നില്ല. അതിനാല്‍ ആദ്യ ടേമില്‍ ഗണേഷ്‌കുമാറിനു മന്ത്രിസ്ഥാനം നല്‍കേണ്ടതില്ലെന്ന തീരുമാനത്തില്‍ പാര്‍ട്ടി എത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com