ബ്ലാക്ക് ഫം​ഗസ് ബാധിച്ച് നാലു പേർക്ക് കാഴ്ച നഷ്ടപ്പെട്ടു, ഓരോ കണ്ണ് നീക്കി; സംസ്ഥാനത്ത് 13 പേർക്കു കൂടി രോ​ഗം സ്ഥിരീകരിച്ചു

ഫം​ഗസ് ബാധ ഒഴിവാക്കാനായി ഇവരുടെ ഓരോ കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്; കോവിഡ് രൂക്ഷമായതോടെ ബ്ലാക്ക് ഫം​ഗസ് ബാധയും പിടിമുറുക്കുകയാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ ബ്ലാക്ക് ഫം​ഗസ് ബാധയെത്തുടർന്നു പൂർണമായി കാഴ്ചശക്തി നഷ്ടപ്പെട്ടു ചികിത്സതേടിയത് നാലു പേരാണ്. ഫം​ഗസ് ബാധ ഒഴിവാക്കാനായി ഇവരുടെ ഓരോ കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കി. 

കേരളത്തിൽ അഞ്ചു ജില്ലകളിലെ 13 പേർക്കുകൂടി റിപ്പോർട്ടുചെയ്തു. പാലക്കാട് സ്വദേശി, മലപ്പുറം ജില്ലയിലെ എടവണ്ണ, വണ്ടൂർ, വഴിക്കടവ്, ചെറുവായൂർ, നിലമ്പൂർ കരുളായി, എടരിക്കോട്, തിരൂർ സ്വദേശികൾ, കോഴിക്കോട് ജില്ലയിലെ പയ്യാനക്കൽ, ഇരിങ്ങല്ലൂർ സ്വദേശികൾ, കോട്ടയം സ്വദേശികളായ മൂന്നുപേർക്കുമാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. 

കോഴിക്കോട്  മെഡിക്കൽ കോളജിൽ 7 പേരാണ് ബ്ലാക്ക് ഫം​ഗസ് ബാധിച്ച് ചികിത്സയിലുള്ളത്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും ഇവർക്കു നേരത്തേ കോവിഡ് വന്നു മാറിയിട്ടുണ്ടാകാമെന്നാണ് ഡോക്ടർമാരുടെ നിഗമനം.  ചികിത്സ തേടിയവരിൽ 2 പേർ കോഴിക്കോട് സ്വദേശികളും 4 പേർ മലപ്പുറം സ്വദേശികളും ഒരാൾ തമിഴ്നാട് സ്വദേശിയുമാണ്. ഇവർ കോവിഡ് പോസിറ്റീവാണ്. ഇതിൽ 5 പേർക്കു ശസ്ത്രക്രിയ വേണം. കഴിഞ്ഞ ദിവസം ഒരു രോഗിയുടെ മൂക്കിന്റെ വശത്തുനിന്നു ബ്ലാക്ക് ഫംഗസ് ഇഎൻടി വിഭാഗം ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു.

കോവിഡ് ചികിത്സയുടെ ഭാഗമായി അമിതമായി സ്റ്റിറോയിഡ് മരുന്നുകൾ ഉപയോഗിക്കുമ്പോൾ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നതാണ് ബ്ലാക്ക് ഫംഗസ് പിടിപെടാനുള്ള ഒരു കാരണം. സ്റ്റിറോയ്ഡ് മരുന്നുകൾ ഉപയോഗിച്ചില്ലെങ്കിൽ അതു ശ്വാസകോശത്തെ ബാധിക്കും. അതിനാൽ മരുന്നുകൾ ഉപയോഗിക്കുന്നതിനൊപ്പം പ്രമേഹം നിയന്ത്രിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ബ്ലാക്ക് ഫംഗസ് പകർച്ചവ്യാധി അല്ല. മറ്റു രോഗങ്ങളുമായി ബന്ധപ്പെട്ട ചികിത്സയ്ക്കിടെ പ്രതിരോധ ശക്തി കുറയുമ്പോഴാണ് ബ്ലാക്ക് ഫംഗസ് ഉണ്ടാകുന്നത്. മൂക്കിന്റെ വശങ്ങളിലെ സൈനസുകളിലാണ് ഇതു കാണാറ്. യഥാസമയം ചികിത്സ നൽകിയില്ലെങ്കിൽ ഇതു തലയോട്ടിയിലേയ്ക്കും കണ്ണിലേയ്ക്കും ബാധിക്കാനുള്ള സാധ്യത ഏറെയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com