അഞ്ചുവര്‍ഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കും; ഒരാളേയും ഒഴിവാക്കാതെ വികസനം; ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി

രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യ യോഗം ചേര്‍ന്ന ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പിണറായി വിജയന്‍/ഫയല്‍
പിണറായി വിജയന്‍/ഫയല്‍



തിരുവനന്തപുരം: അടുത്ത അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി പിണാറായി വിജയന്‍. രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യ യോഗം ചേര്‍ന്ന ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജനങ്ങള്‍ക്കൊപ്പമാണ്, ജനങ്ങള്‍ക്ക് വേണ്ടിയാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. ഒരുപാട് മുന്നോട്ടുപോകാനുണ്ട്. അമ്പതിന പ്രധാന പരിപാടിയും അനുബന്ധ 900 വാഗ്ദാനങ്ങളുമാണ് പ്രകടന മുന്നോട്ടുവച്ചിട്ടുള്ളത്. അവ പൂര്‍ണമായും നടപ്പിലാക്കി മുന്നോട്ടുപോകും.  ദാരിദ്ര്യത്തില്‍ കഴിയുന്ന ഓരോ വ്യക്തിയേയും ഓരോ കുടുംബത്തെയും കണ്ടെത്തി പദ്ധതികളിലൂടെ ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ കൊണ്ടുവരും. 

സാമൂഹ്യ സുരക്ഷ, സാമൂഹ്യ നീതി, ലിംഗ നീതി, സ്ത്രീ സുരക്ഷ എന്നിവ കൂടുതല്‍ ശാക്തീകരിക്കും. സമ്പദ്ഘടനയുടെ ശേഷി വര്‍ധിപ്പിക്കാന്‍ ഈ ശാക്തീകരണം ഉപയോഗിക്കും. ശാസ്ത്രമേഖലയുടെ സഹായത്തോടെ കൃഷി അനുബന്ധ മേഖലകള്‍, ന്യൂതന വ്യവസായം, വരുമാനോത്പാദന സേവനങ്ങള്‍ എന്നിവയെ മെച്ചപ്പെടുത്തും. 

പൊതുമേഖല സ്ഥാപനങ്ങളെ നവീകരിക്കും. ഉന്നത വിദ്യാഭ്യാസമേഖല വളര്‍ത്താന്‍ പ്രത്യേക നയം രൂപപ്പെടുത്തും. വിദഗ്ധ തൊഴിലുകള്‍ സൃഷ്ടിക്കും. ആധുനികവും ഉയര്‍ന്ന തൊഴില്‍ ശേഷിയുമുള്ള സമ്പദ്ഘടന സൃഷ്ടിക്കും. 

25 വര്‍ഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം വികസിത രാഷ്ട്രങ്ങള്‍ക്ക് സമാനമാക്കാനാണ് ലക്ഷ്യം. ഒരാളെയും ഒഴിച്ച് നിര്‍ത്താത്ത വികസന കാഴ്ചപ്പാടാണ് ഉയര്‍ത്തുകയെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com