സത്യപ്രതി‍ജ്ഞ ഇന്ന്, രണ്ടാം പിണറായി സർക്കാർ അധികാരത്തിലേക്ക്

21 അം​ഗ പുതിയ ടീമിനൊപ്പമാണ് പിണറായി അധികാരത്തിലേറുന്നത്
പിണറായി വിജയന്‍/ഫയല്‍
പിണറായി വിജയന്‍/ഫയല്‍

തിരുവനന്തപുരം; തുടർഭരണം നേടി ചരിത്രം കുറിച്ച രണ്ടാം പിണറായി മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകിട്ട്  3.30 ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 21 അം​ഗ പുതിയ ടീമിനൊപ്പമാണ് പിണറായി അധികാരത്തിലേറുന്നത്.  കോവിഡ്-19 വ്യാപന പശ്ചാത്തലത്തിൽ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം. 

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പന്തലിലാണ് ചടങ്ങ്. ആയിരംപേർക്ക് സാമൂഹിക അകലം പാലിച്ച് ഇരിക്കാവുന്ന പന്തലാണിത്. പ്രതിപക്ഷത്തെ ജനപ്രതിനിധികൾ ഉൾപ്പെടെ 500 പേർക്കാണ് ക്ഷണക്കത്ത് നൽകിയത്. എന്നാൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്. കൂടാതെ ക്ഷണക്കത്ത് കിട്ടിയ പലരും ഈ സാഹചര്യത്തിൽ ചടങ്ങിനെത്താനാകില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിനാൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മുഖ്യമന്ത്രിയും സി.പി.എമ്മിലെയും സി.പി.ഐ.യിലെയും മന്ത്രിമാരും വ്യാഴാഴ്ച രാവിലെ വയലാർ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര വയലാർ രക്തസാക്ഷി സ്മാരകത്തിലും വലിയ ചുടുകാട്ടിലും പുഷ്പാർച്ചന നടത്തും. സത്യപ്രതിജ്ഞയ്ക്കുശേഷം മന്ത്രിമാരും കുടുംബാംഗങ്ങളും രാജ്ഭവനിൽ ഗവർണറുടെ ചായസത്കാരത്തിൽ പങ്കെടുക്കും. വൈകുന്നേരം അഞ്ചരയോടെ ഈ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ചേരും.

പങ്കെടുക്കുന്നവർ ഉച്ചതിരിഞ്ഞ് 2.45 ന് മുമ്പ് സ്റ്റേഡിയത്തിൽ എത്തണം. 48 മണിക്കൂറിനകം എടുത്തിട്ടുള്ള ആർ.ടി.പി.സി.ആർ/ട്രൂനാറ്റ്/ആർ.ടി ലാമ്പ് നെഗറ്റീവ് റിസൾട്ടോ, കോവിഡ് വാക്സിനേഷൻ അന്തിമ സർട്ടിഫിക്കറ്റോ കൈവശം വയ്ക്കണം. 
ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് ടെസ്റ്റിനുള്ള സൗകര്യം എം.എൽ.എ ഹോസ്റ്റലിലും സെക്രട്ടറിയേറ്റ് അനക്സ് ഒന്ന് മന്ദിരത്തിലും ഏർപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് അനക്സ് ഒന്ന്, പ്രസ് ക്ലബ്ബ് എന്നിവയ്ക്ക് എതിർവശമുള്ള ഗേറ്റുകൾ വഴിയാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ക്ഷണക്കത്തിനൊപ്പം ഗേറ്റ്പാസും കാർ പാസും ഉള്ളടക്കം ചെയ്തിട്ടുണ്ട്. കാർപാർക്കിംഗ് സൗകര്യം സെക്രട്ടറിയേറ്റ് മെയിൻ കാമ്പസ്, സെക്രട്ടറിയേറ്റ് അനക്സ്-രണ്ട് മന്ദിരം, കേരള സർവകലാശാല കാമ്പസ്, യൂണിവേഴ്സിറ്റി കോളേജ്, ഗവ. സംസ്‌കൃത കോളേജ് എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവർ ചടങ്ങിൽ ഉടനീളം നിർബന്ധമായും ഇരട്ട മാസ്‌ക് ധരിക്കുകയും കോവിഡ്- 19 പ്രോട്ടോക്കോൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com