ആവേശം മാത്രം പോര; ചെന്നിത്തലയ്ക്കു പിന്തുണയുമായി ഉമ്മന്‍ ചാണ്ടി, ഹൈക്കമാന്‍ഡ് ആശയക്കുഴപ്പത്തില്‍

ഭൂരിപക്ഷം എംഎല്‍എമാരും വിഡി സതീശനു പിന്നില്‍ അണിനിരക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി ചെന്നിത്തലയ്ക്കു വേണ്ടി വാദം ശക്തമാക്കിയത് ഹൈക്കമാന്‍ഡിനെ ആശയക്കുഴപ്പത്തിലാക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം



തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയ്ക്കായി സമ്മര്‍ദം ശക്തമാക്കി ഉമ്മന്‍ ചാണ്ടി. ചെന്നിത്തല മാറണമെന്ന് ആവശ്യപ്പെടുന്നവരുടേത് വെറും ആവേശം മാത്രമാണെ്ന്നും പാര്‍ട്ടിയെ ചലിപ്പിക്കാന്‍ അതു മതിയാവില്ലെന്നും ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് സൂചന. 

ഭൂരിപക്ഷം എംഎല്‍എമാരും വിഡി സതീശനു പിന്നില്‍ അണിനിരക്കുമ്പോള്‍ മുതിര്‍്ന്ന നേതാവായ ഉമ്മന്‍ ചാണ്ടി ചെന്നിത്തലയ്ക്കു വേണ്ടി വാദം ശക്തമാക്കിയത് ഹൈക്കമാന്‍ഡിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുമായും കേരളത്തിലെ മറ്റു നേതാക്കളുമായും സംസാരിച്ച് ഇന്നു തന്നെ നേതൃത്വം തീരുമാനത്തിലെത്തിയേക്കും.

പ്രതിപക്ഷ നേതൃസ്ഥാനത്തു തുടരാന്‍ ചെന്നിത്തലയും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്ഥാനം ഒഴിയുന്നത് പരാജയത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ തന്റെ പേരില്‍ വരുന്നതിനു തുല്യമാവുമെന്നാണ് ചെന്നിത്തല കരുതുന്നത്. ഇക്കാര്യം അദ്ദേഹം ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.  

അതിനിടെ ഉമ്മന്‍ ചാണ്ടിയെ കെപിസിസി നേതൃത്വത്തില്‍ കൊണ്ടുവന്നുള്ള മാറ്റവും കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഉമ്മന്‍ ചാണ്ടി വിസമ്മതിച്ചു.

അതിനിടെ നേതൃത്വത്തിനെതിരെ വിമര്‍ശവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി രംഗത്തുവന്നു. കോണ്‍ഗ്രസില്‍ സമ്പൂര്‍ണമാറ്റം അനിവാര്യമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഗ്രൂപ്പ് രാഷ്ട്രീയം പാര്‍ട്ടിയുടെ അടിത്തറ തകര്‍ത്തു. പൂച്ചക്കാര് മണികെട്ടും എന്നതാണ് പ്രശ്‌നം, പറയാന്‍ ആര്‍ക്കും ധൈര്യമില്ല. പാര്‍ട്ടിയോട് കൂറും ആത്മാര്‍ത്ഥയുമുള്ള പുതുതലമുറയെ വളര്‍ത്തിയില്ലെങ്കില്‍ കേരളത്തിന്റെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാകും ഉമ്മന്‍ ചാണ്ടിയെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.

എല്ലാവരും സ്വയം മാറ്റത്തിന് വിധേയമാകണമെന്നും ഗുണപരമായ മാറ്റം ഉണ്ടായില്ലെങ്കില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന പാര്‍ട്ടിക്ക് കേരളത്തില്‍ ഒരു ഘടകം ഉണ്ടായിരുന്നെന്ന് ചരിത്രത്തില്‍ എഴുതേണ്ടി വരും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ന്നുതരിപ്പണമായിരിക്കുകയാണെന്നും അവരെ കൂടുതല്‍ ക്ഷീണിപ്പിക്കേണ്ടെന്ന് കരുതിയാണ് ഇത്രയും നാള്‍ മിണ്ടാതിരുന്നതെന്നും ഉണ്ണിത്താന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്ന് അകുന്നുപോയവരെ തിരിച്ചെത്തിക്കാന്‍ കെല്‍പ്പുള്ളയാളെ പ്രതിപക്ഷ നേതാവാക്കണം. കോണ്‍ഗ്രസിന്റെ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് ഗ്രൂപ്പ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാല്‍ അങ്ങേയറ്റം അപകടകരമാകും. ഗ്രൂപ്പുകളി തുടര്‍ന്നാല്‍ പ്രവര്‍ത്തകര്‍ നേരിട്ട് ഉടപെടുന്ന സ്ഥിതിയുണ്ടാകുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com