കെല്‍പ്പുള്ളയാള്‍ പ്രതിപക്ഷനേതാവാകണം; ഗ്രൂപ്പ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാല്‍ അങ്ങേയറ്റം അപകടകരം; തുറന്നടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഗ്രൂപ്പുകളി തുടര്‍ന്നാല്‍ പ്രവര്‍ത്തകര്‍ നേരിട്ട് ഉടപെടുന്ന സ്ഥിതിയുണ്ടാകുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കാസര്‍കോട്: കോണ്‍ഗ്രസില്‍ സമ്പൂര്‍ണമാറ്റം അനിവാര്യമാണെന്ന് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഗ്രൂപ്പ് രാഷ്ട്രീയം പാര്‍ട്ടിയുടെ അടിത്തറ തകര്‍ത്തു. പൂച്ചക്കാര് മണികെട്ടും എന്നതാണ് പ്രശ്‌നം, പറയാന്‍ ആര്‍ക്കും ധൈര്യമില്ല. പാര്‍ട്ടിയോട് കൂറും ആത്മാര്‍ത്ഥയുമുള്ള പുതുതലമുറയെ വളര്‍ത്തിയില്ലെങ്കില്‍ കേരളത്തിന്റെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാകും ഉമ്മന്‍ ചാണ്ടിയെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.

എല്ലാവരും സ്വയം മാറ്റത്തിന് വിധേയമാകണമെന്നും ഗുണപരമായ മാറ്റം ഉണ്ടായില്ലെങ്കില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന പാര്‍ട്ടിക്ക് കേരളത്തില്‍ ഒരു ഘടകം ഉണ്ടായിരുന്നെന്ന് ചരിത്രത്തില്‍ എഴുതേണ്ടി വരും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ന്നുതരിപ്പണമായിരിക്കുകയാണെന്നും അവരെ കൂടുതല്‍ ക്ഷീണിപ്പിക്കേണ്ടെന്ന് കരുതിയാണ് ഇത്രയും നാള്‍ മിണ്ടാതിരുന്നതെന്നും ഉണ്ണിത്താന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്ന് അകുന്നുപോയവരെ തിരിച്ചെത്തിക്കാന്‍ കെല്‍പ്പുള്ളയാളെ പ്രതിപക്ഷ നേതാവാക്കണം. കോണ്‍ഗ്രസിന്റെ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് ഗ്രൂപ്പ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാല്‍ അങ്ങേയറ്റം അപകടകരമാകും. ഗ്രൂപ്പുകളി തുടര്‍ന്നാല്‍ പ്രവര്‍ത്തകര്‍ നേരിട്ട് ഉടപെടുന്ന സ്ഥിതിയുണ്ടാകുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവിനെയും പുതിയ കെപിസിസി പ്രസിഡന്റിനെയും സംബന്ധിച്ച തീരുമാനം വൈകുന്നതിനിടെയാണ് ഉണ്ണിത്താന്റെ തുറന്നുപറച്ചില്‍. പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തല തുടരണമെന്ന് ഉമ്മന്‍ചാണ്ടി ഇന്നും ആവര്‍ത്തിച്ചിരുന്നു. അതുകൊണ്ടാണ് ഹൈക്കാമാന്റ് തീരുമാനം നീളുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com