'കോവിഡ് മൂന്നാം തരം​ഗത്തിന് സാധ്യത'- ജാ​ഗ്രത കൈവിടെരുതെന്ന് ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി

'കോവിഡ് മൂന്നാം തരം​ഗത്തിന് സാധ്യത'- ജാ​ഗ്രത കൈവിടെരുതെന്ന് ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം/ വീഡിയോ ദൃശ്യം
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം/ വീഡിയോ ദൃശ്യം

തിരുവനന്തപുരം: കോവിഡ് മൂന്നാം തരം​ഗ സാധ്യത ഉള്ളതിനാൽ ജാ​ഗ്രത കൈവിടെരുതെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. വാക്‌സിനെ അതിജീവിക്കാന്‍ ശേഷി നേടിയ വൈറസ് ഉത്ഭവമാണ് മൂന്നാം തരംഗത്തിന് കാരണമായേക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. 

രണ്ടാം തരം​ഗത്തിന്റെ ഉച്ചസ്ഥായി പിന്നിട്ടു. എന്നാൽ ഉച്ചസ്ഥായി പിന്നിട്ട ശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതരാവസ്ഥങ്ങളും മരണങ്ങളും ഉണ്ടാകുന്നതും വര്‍ധിക്കുന്നതും. അതിനാല്‍ ആശുപത്രികളെ സംബന്ധിച്ച നിര്‍ണായക സമയമാണിത്. പ്രാഥമിക കര്‍ത്തവ്യം ജീവന്‍ സംരക്ഷിക്കുക എന്നതാണെന്നും രണ്ടാമത്തെ തരംഗം എത്രത്തോളം രോഗബാധ ഉയരാം എന്ന പാഠം പഠിപ്പിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

'സാര്‍വ്വദേശീയ തലത്തിലും ദേശീയ തലത്തിലും ചര്‍ച്ച ഉയര്‍ന്നു വന്നിട്ടുള്ളത് മൂന്നാം തരംഗ സാധ്യതയെ കുറിച്ചാണ്. വാക്‌സിനെ അതിജീവിക്കാന്‍ ശേഷി നേടിയ വൈറസ് ഉത്ഭവമാണ് മൂന്നാം തരംഗത്തിന് കാരണമായേക്കുക. വാക്‌സിനെടുത്താല്‍ ഒരു ഡോസാണെങ്കിലും സുരക്ഷിതത്വമുണ്ട്. എന്നാല്‍ ഇത്തരം ആളുകളും രോഗവാഹകരാവും. വാക്‌സിനെടുത്തവര്‍ക്ക് രോഗം വരുന്നത് അനുബന്ധ രോഗമുള്ളതിനാലാണ്. അതിനാല്‍ അവരെല്ലാം കോവിഡ് പെരുമാറ്റ ചട്ടം കൃത്യമായി പാലിക്കണം. അനുബന്ധ രോഗങ്ങളുടെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം.'

'കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ഇതുവരെയുള്ള സ്ഥിതി നോക്കിയാല്‍ അതിന്റെ ഉച്ചസ്ഥായി പിന്നിട്ടതായി കണക്കാക്കാം. എന്നാല്‍ ഉച്ചസ്ഥായി പിന്നിട്ട ശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതരാവസ്ഥങ്ങളും മരണങ്ങളും ഉണ്ടാകുന്നതും വര്‍ധിക്കുന്നതും. അതിനാല്‍ ആശുപത്രികളെ സംബന്ധിച്ച നിര്‍ണായക സമയമാണിത്. ഈ ഘട്ടത്തെ നേരിടാനുള്ള എല്ലാ മുന്‍കരുതലുകളും മുഴുവന്‍ ജില്ലാ ആശുപത്രികളിലും കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് നേരത്തെ കണ്ടതാണ്. പ്രാഥമിക കര്‍ത്തവ്യം ജീവന്‍ സംരക്ഷിക്കുക എന്നതാണ്.'  

'രണ്ടാമത്തെ തരംഗം എത്രത്തോളം രോഗബാധ ഉയരാം, വൈറസുകളുടെ ജനിതക വ്യതിയാനം എന്തെല്ലാം ഭീഷണി ഉയര്‍ത്താം, ആരോഗ്യ സംവിധാനങ്ങള്‍ മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എങ്ങനെ തയ്യാറെടുക്കണം, സാമൂഹിക ജാഗ്രത എത്തരത്തില്‍ പ്രായോഗികവത്കരിക്കണം, എന്ന പാഠങ്ങള്‍ നമ്മെ പഠിപ്പിച്ചു. മൂന്നാമത്തെ തരംഗം ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കെ ഈ അനുഭവങ്ങളെ വിശദമായ രീതിയില്‍ വിലയിരുത്തി കൂടുതല്‍ മികച്ച രീതിയില്‍ തയ്യാറെടുക്കാനുള്ള നടപടിയെടുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.' 

'ജനങ്ങളുടെ പിന്തുണ കൊണ്ടാണ് രാജ്യത്തിന്റെ മറ്റ് സ്ഥലങ്ങളില്‍ നാശം വിതച്ച തരംഗത്തെ നമ്മുടെ നാട്ടില്‍ പിടിച്ചു നിര്‍ത്താനായത്. സഹകരിച്ച എല്ലാവരേയും അഭിനന്ദിക്കുന്നു. ഈ ജാഗ്രത കുറച്ചു നാള്‍ കൂടി ഇതേപോലെ തുടരേണ്ടതുണ്ട്'- മുഖ്യമന്ത്രി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com