മലപ്പുറത്ത് കടുത്ത നിയന്ത്രണം, തൃശൂരിൽ ഇന്നു കൂടി ട്രിപ്പിൾ ലോക്ക്ഡൗൺ; രണ്ട് ജില്ലകളിൽ ഇളവുകൾ

എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് ഇളവുകൾ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം; സംസ്ഥാനത്ത് മൂന്നു ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് ഇളവുകൾ ഇന്ന് നടപ്പാകുക. തൃശൂരിൽ ഇന്നു കൂടി ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും. ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിൽ ഇളവുകളെ കുറിച്ച് ചർച്ച ചെയ്തതിന് ശേഷമായിരിക്കും നടപടി. 

അതിനിടെ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മലപ്പുറത്തെ ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും. ജില്ലയിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുന്ന സാഹചര്യത്തിലാണ് നടപടി. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മലപ്പുറത്ത് നേരിട്ടെത്തി സ്ഥിതി വിലയിരുത്തും. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ ജില്ലയിലെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് ശരാശരി 33 ശതമാനമാണ്. അതിനിടെ സംസ്ഥാനത്തെ ലോക്ക്ഡൗൺ 30 വരെ നീട്ടി. 

ട്രിപ്പിൾ ലോക്‌ഡൗൺ നീക്കിയെങ്കിലും നിയന്ത്രണങ്ങൾ തുടരും. പൊതുഗതാഗതം ഉണ്ടാകില്ല. അവശ്യസേവന വിഭാഗമല്ലാത്തവർക്ക് പുറത്തിറങ്ങാൻ പൊലീസ്‌ പാസ്‌ വേണം. ഹോട്ടലുകൾക്കും റസ്‌റ്റോറന്റുകൾക്കും ഭക്ഷ്യവസ്‌തുക്കൾ വിൽക്കുന്ന കടകൾക്കും രാവിലെ ഏഴുമുതൽ രാത്രി 7.30 വരെ തുറക്കാം. പാഴ്‌സൽ മാത്രമേ അനുവദിക്കുകയൊള്ളു. തട്ടുകടകൾ തുറക്കാൻ അനുവാദമില്ല. പഴം, പച്ചക്കറി, പാൽ, പലചരക്കുകടകൾ, റേഷൻ കടകൾ, മത്സ്യ, മാംസ വിൽപ്പനശാലകൾ, ബേക്കറികൾ, കാലിത്തീറ്റ വിൽപ്പനകേന്ദ്രങ്ങൾ, പൗൾട്രി തുടങ്ങിയവയ്‌ക്ക്‌ പ്രവർത്തിക്കാം. നിർമാണപ്രവർത്തനങ്ങൾ തുടരാം.  
‌‌
മരുന്നും അവശ്യവസ്‌തുക്കൾ വാങ്ങാനും സ്വകാര്യ വാഹനം ഉപയോഗിക്കാം. സഹകരണ മേഖലയുൾപ്പെടെ ബാങ്കുകൾ, ഇൻഷുറൻസ്‌, ധനസ്ഥാപനങ്ങൾ എന്നിവ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്‌ക്ക്‌ ഒന്നുവരെ തുറക്കാം.ഇലക്‌ട്രിക്കൽ, പ്ലമ്പിങ്‌ സേവനങ്ങളാകാം. അവശ്യവസ്‌തുക്കളും കയറ്റുമതി ഉൽപ്പന്നങ്ങളും നിർമിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്കും 24 മണിക്കൂറുമുള്ള ഉൽപ്പാദക യൂണിറ്റുകൾക്കും പ്രവർത്തിക്കാം. വർക്ക്‌ഷോപ്പുകൾ ശനിയും ഞായറും പ്രവർത്തിക്കാം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com