ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നു'; പ്രതിപക്ഷ നേതാവിന് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd May 2021 06:26 PM  |  

Last Updated: 22nd May 2021 06:26 PM  |   A+A-   |  

pinarayi-v_d_satheesan

പിണറായി വിജയന്‍, വി ഡി സതീശന്‍തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു, മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. 

സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണച്ചും തെറ്റുകള്‍ ചൂണ്ടിക്കാട്ടിയും ജനങ്ങള്‍ ആഗ്രഹിക്കുന്ന പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് വി ഡി സതീശന്‍ പറഞ്ഞിരുന്നു. മികച്ച പ്രവര്‍ത്തനത്തിലൂടെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തിരിച്ചുകൊണ്ടുവരുമെന്നും സതീശന്‍ പറഞ്ഞു.

നല്ല കാര്യങ്ങളിലെല്ലാം സര്‍ക്കാരിനൊപ്പം നില്‍ക്കും. എല്ലാത്തിനെയും എതിര്‍ക്കുക എന്ന നിലപാടു സ്വീകരിക്കില്ല. എന്നാല്‍ തെറ്റായ കാര്യങ്ങളെ നിയമസഭയ്ക്കകത്തും പുറത്തും എതിര്‍ക്കും. ജനങ്ങള്‍ ആഗ്രഹിക്കുന്ന പോലെ ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് സതീശന്‍ പറഞ്ഞു.

പ്രതിപക്ഷ നേതൃസ്ഥാനം പുഷ്പകിരീടം അല്ലെന്ന ബോധ്യമുണ്ട്. വെല്ലുവിളികള്‍ ഏറ്റെടുക്കുന്നു. കാലത്തിന് അനുസരിച്ച് മാറും. കരുണാകരന്റെ ശൈലയില്ല ഇപ്പോഴത്തേത്. ഈ മാറ്റം എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. ഇതു കാലത്തിന് അനുസരിച്ച് ശൈലിയിലുണ്ടായ മാറ്റമാണ്.

വലിയ പരാജയത്തെ നേരിട്ട് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം മങ്ങിയ സമയമാണ്. അതു വീണ്ടെടുക്കുക പ്രധാനമാണ്. ഒപ്പം കേരളത്തിലെ ജനാധിപത്യ സമൂഹത്തിന്റെ വികാരവും കണക്കിലെടുക്കും. ശക്തിയായ പ്രതിപക്ഷമാണ് ജനാധിപത്യത്തിന്റെ മനോഹാരിത. ഭരിക്കുന്നവര്‍ ഏകാധിപത്യത്തിലേക്കു പോവാതെ തടയുക എന്നതാണ് പ്രതിപക്ഷ ധര്‍മം.

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഉണ്ട്. എന്നാല്‍ ഗ്രൂപ്പ് മെറിറ്റിനെ ബാധിക്കരുത്. സംഘടനാപരമായ വലിയ മാറ്റത്തിനായി കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ കാത്തിരിക്കുകയാണ് സതീശന്‍ പറഞ്ഞു.

വര്‍ഗീയതയെ കുഴിച്ചുമൂടുക എന്നതാണ് പ്രധാന ലക്ഷ്യം. യുഡിഎഫിന്റെ പ്രഥമ പരിഗണന ഇനി മുതല്‍ വര്‍ഗീയതയോട് സന്ധിയില്ലാത്ത സമരം നടത്തുക എന്നതാണെന്ന് സതീശന്‍ പറഞ്ഞു.