റവന്യൂ വകുപ്പ് ഉദ്യോ​ഗസ്ഥയായ ഭാര്യയെ ജോലിക്കെത്തിക്കാൻ റോഡിലിറങ്ങി; ഭർത്താവിനെ സിഐ മർദ്ദിച്ചതായി പരാതി

റവന്യൂ വകുപ്പ് ഉദ്യോ​ഗസ്ഥയായ ഭാര്യയെ ജോലിക്കെത്തിക്കാൻ റോഡിലിറങ്ങി; ഭർത്താവിനെ സിഐ മർദ്ദിച്ചതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയായ ഭാര്യയെ ജോലിക്കെത്തിക്കാനായി റോഡിലിറങ്ങിയ ഭര്‍ത്താവിനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി മാളിയില്‍ പ്രമോദിനെ പരപ്പനങ്ങാടി സിഐ ഹണി കെ ദാസ് മര്‍ദ്ദിച്ചതായാണ് ആരോപണം. ഞായറാഴ്ച രാവിലെ പരപ്പനങ്ങാടി അയ്യപ്പന്‍കാവിലായിരുന്നു സംഭവം. പരിക്കേറ്റ പ്രമോദ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. 

പ്രമോദിന്റെ ഭാര്യ ലേഖ തിരൂരങ്ങാടി താലൂക്ക് ഓഫീസിലെ ജീവനക്കാരിയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലേഖയ്ക്ക് ഞായറാഴ്ചയും ജോലിക്ക് ഹാജരാകേണ്ടതുണ്ടായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളുള്ള ഭാര്യയെ ഓഫീസില്‍ ഡ്യൂട്ടിക്കെത്തിക്കാനായാണ് പ്രമോദും റോഡ് വരെ ഭാര്യയ്‌ക്കൊപ്പം പോയത്. ഭാര്യയെ സര്‍ക്കാര്‍ വാഹനത്തില്‍ കയറ്റിവിട്ടതിന് പിന്നാലെ വീട്ടിലേക്ക് തിരികെ പോകുമ്പോഴാണ് പൊലീസ് സംഘം എത്തിയത്. 

പൊലീസ് വാഹനത്തില്‍ നിന്ന് ചാടിയിറങ്ങിയ സിഐ കാര്യമൊന്നും തിരക്കാതെ പ്രമോദിനെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. റവന്യു ഉദ്യോഗസ്ഥയായ ഭാര്യയെ വാഹനത്തില്‍ കയറ്റിവിടാന്‍ വന്നതാണെന്ന് പറഞ്ഞെങ്കിലും സിഐ വീണ്ടും മര്‍ദ്ദിച്ചതായും മൊബൈല്‍ ഫോൺ പിടിച്ചു വാങ്ങിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 

വിവരമറിഞ്ഞെത്തിയ മുതിര്‍ന്ന റവന്യൂ ഉദ്യോഗസ്ഥരോടും സിഐ തട്ടിക്കയറിയതായും ആരോപണമുണ്ട്. പ്രമോദിനെ മര്‍ദ്ദിച്ചെന്നും ഫോണ്‍ പിടിച്ചുവാങ്ങിയെന്നും ആര്‍ക്കുവേണേലും കേസ് കൊടുത്തോ എന്ന് പറഞ്ഞ സിഐ വെല്ലുവിളിച്ചതായും പരാതിക്കാര്‍ പറയുന്നു. സംഭവത്തില്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയതായും കോവിഡ് കാലത്തും ജോലി ചെയ്യുന്ന തന്നെപ്പോലെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രയാസത്തിലാക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ലേഖ പറഞ്ഞു. 

അതേസമയം, ലോക്ഡൗണ്‍ ലംഘിച്ചതിനും കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിവിട്ട് പുറത്തിറങ്ങിയതിനുമാണ് പ്രമോദിനെതിരേ കേസെടുത്തിരിക്കുന്നതെന്ന് പരപ്പനങ്ങാടി സിഐ ഹണി കെ ദാസ് പ്രതികരിച്ചു. പൊലീസ് സംഭവ സ്ഥലത്ത് എത്തുമ്പോള്‍ കണ്ടെയ്ന്‍മെന്റ് സോണിന്റെ പുറത്തിറങ്ങി പ്രധാന റോഡിലാണ് ഇയാള്‍ നിന്നിരുന്നത്. ഭാര്യ കൂടെയുണ്ടായിരുന്നില്ല. കേസെടുക്കുമെന്ന് പറഞ്ഞപ്പോള്‍ ഇയാള്‍ തട്ടിക്കയറി സംസാരിച്ചെന്നും അങ്ങോട്ടും ഇങ്ങോട്ടും വാക്കുതര്‍ക്കമുണ്ടാവുകയാണ് ചെയ്തതെന്നും സിഐ പറഞ്ഞു. 

സംഭവത്തില്‍ പരാതി ലഭിച്ചതോടെ മലപ്പുറം ജില്ലാ കലക്ടര്‍ അടിയന്തര അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ഞായറാഴ്ച വൈകീട്ടോടെ പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജില്ലാ കലക്ടർ നിർദ്ദേശം നൽകി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com