ലതിക സുഭാഷ് എൻസിപിയിലേക്ക്, പിസി ചാക്കോയുമായി ചർച്ച നടത്തി; പ്രഖ്യാപനം വൈകാതെ

നിയമസഭാ സീറ്റുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സീറ്റു കിട്ടാത്തതിൽ പ്രതിഷേധിച്ച് ലതിക പാർട്ടി വിട്ടത്
ലതിക സുഭാഷ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ / ഫെയ്‌സ്ബുക്ക്‌
ലതിക സുഭാഷ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ / ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: നിയമസഭാ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺ​ഗ്രസ് വിട്ട ലതികാ സുഭാഷ് എൻസിപിയിലേക്ക്. എൻസിപി സംസ്ഥാന പ്രസിഡന്‍റ് പിസി ചാക്കോയുമായി ലതിക ചര്‍ച്ച നടത്തി. ഔദ്യോ​ഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകും. അതിനിടെ കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടിയായതിനാലാണ് എൻസിപിയുമായി സഹകരിക്കുന്നതെന്ന് ലതികാ സുഭാഷ് വ്യക്തമാക്കി. 

നിയമസഭാ സീറ്റുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സീറ്റു കിട്ടാത്തതിൽ പ്രതിഷേധിച്ച് ലതിക പാർട്ടി വിട്ടത്. സ്ത്രീകൾക്കെതിരെയുള്ള അനീതിക്കെതിരെ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചതിന് പിന്നാലെയായിരുന്നു ഇത്. ഇത് കോൺ​ഗ്രസിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചിരുന്ന ലതിക  7,624 വോട്ട് നേടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയില്‍ നിര്‍ണ്ണായക കാരണമായി മാറിയിരുന്നു.  

അതിന് പിന്നാലെയാണ് എൻസിപിയിലേക്ക് മാറാനുള്ള തീരുമാനം. പാര്‍ട്ടി പ്രസിഡന്‍റായതിന് ശേഷം പിസി ചാക്കോ ലതികാ സുഭാഷുമായി സംസാരിച്ചിരുന്നു. അടുപ്പമുള്ളവരോട് അഭിപ്രായം ആരാഞ്ഞ ശേഷമാണ് ലതിക നിലപാട് പിസി ചാക്കോയെ അറിയിച്ചതെന്നാണ് വിവരം. ലതികാ സുഭാഷിലൂടെ കോണ്‍ഗ്രസില്‍ അസ്വസ്ഥരായ കൂടുതല്‍ നേതാക്കളെ എൻസിപിയിലേക്ക് അടുപ്പിക്കുകയാണ് ചാക്കോയുടെ ലക്ഷ്യം. പ്രവര്‍ത്തനപരിചയം കണക്കിലെടുത്ത് എൻസിപിയില്‍ മികച്ച സ്ഥാനം ലതികാ സുഭാഷും പ്രതീക്ഷിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com