വളര്‍ത്തുമൃഗങ്ങള്‍ 'വീക്‌നെസ്'; കിണറ്റില്‍ ആടിന്റെ തല; 27കാരന്‍ അറസ്റ്റില്‍

വിനോദിന്റെ വീട്ടില്‍ നിന്ന് കത്തി, ഇറച്ചി, കിണറ്റില്‍ ആടിന്റെ തല എന്നിവയും കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തൃശൂര്‍: ഫാമില്‍ നിന്ന് ആടുകളെ മോഷ്ടിച്ച് ഭക്ഷണമാക്കി കഴിച്ച് യുവാവ് അറസ്റ്റില്‍. 27കാരനായ മേലൂര്‍ പുഷ്പഗിരി സ്വദേശി കരിപ്പാത്ര വിനോദ് ആണ് എസ്എച്ച്ഒ ബി.കെ.അരുണിന്റെയും സംഘത്തിന്റെയും പിടിയിലായത്. മോഷ്ടിച്ച ആടുകളില്‍ ഒന്നിനെയാണ് കൊന്നുതിന്നത്. 

കാലടി സ്വദേശി കുന്നേക്കാടന്‍ ഏബ്രഹാമിന്റെ പുഷ്പഗിരിയിലുള്ള ഫാമില്‍ നിന്ന് ഈ മാസം 17ന് രാത്രിയാണ് 2 മുന്തിയ ഇനം ആടുകളെ മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു. പരാതിയെ തുടര്‍ന്നു വളര്‍ത്തുമൃഗങ്ങളെ മോഷ്ടിക്കുന്ന പ്രകൃതമുള്ള വിനോദിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തുമ്പു ലഭിച്ചത്. കസ്റ്റഡിയിലെടുത്തു നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ വിനോദ് കുറ്റം സമ്മതിച്ചു. മോഷ്ടിച്ച ആടുകളിലൊന്നിനെ കൊന്ന്, ഇറച്ചി പല ദിവസങ്ങളിലായി ഭക്ഷണമാക്കിയതായി വിനോദ് പൊലീസിനോട് പറഞ്ഞു. തെളിവെടുപ്പില്‍ വിനോദിന്റെ വീട്ടില്‍ നിന്ന് കത്തി, ഇറച്ചി, കിണറ്റില്‍ ആടിന്റെ തല എന്നിവയും കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും കണ്ടെത്തി.

വെറ്ററിനറി സര്‍ജന്‍ ഡോ.സുനിലിന്റെ നേതൃത്വത്തില്‍ ആടിന്റെ അവശിഷ്ടങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. എസ്‌ഐമാരായ എസ്.കെ.പ്രിയന്‍, സി.കെ.സുരേഷ്, എം.എസ്.പ്രദീപ്, എഎസ്‌ഐ മുരുകേഷ് കടവത്ത്, സീനിയര്‍ സിപിഒമാരായ വി.ആര്‍.രഞ്ജിത്, എം.സി.രാജീവ്, ഹോംഗാര്‍ഡ് ജോയ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com