ദ്വീപ് നിവാസികളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി; ലക്ഷദ്വീപില്‍ നിന്നും വരുന്നത് അതീവ ഗൗരവ വാര്‍ത്തകള്‍: മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍/ഫയല്‍
മുഖ്യമന്ത്രി പിണറായി വിജയന്‍/ഫയല്‍



തിരുവനന്തപുരം: ലക്ഷദ്വീപില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അതീവ ഗൗരമമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ അഡഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങള്‍ക്ക് എതിരെയുള്ള ദ്വീപ് നിവാസികളുടെ പ്രതിഷേധത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദ്വീപ് നിവാസികളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യമാണ് ഉയര്‍ന്നുവരുന്നത്. അത്തരം നീക്കങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. 

ലക്ഷദ്വീപും കേരളവുമായി ദീര്‍ഘകാലത്തെ ബന്ധമാണ്. ഒരിക്കല്‍ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. നമ്മുടെ പോര്‍ട്ടുകളുമായി വലിയ ബന്ധമാണ്. അവര്‍ ചികിത്സയ്ക്ക് എത്തുന്നത് നമ്മുടെ നാട്ടിലാണ്. ഇത് തകര്‍ക്കാന്‍ ഒരു ഗൂഢശ്രമം ആരംഭിച്ചതായാണ് വാര്‍ത്തകളില്‍ കാണുന്നത്. തീര്‍ത്തും സങ്കുചിത താതപര്യങ്ങളോടുള്ളു കൂടിയുള്ള നീക്കങ്ങല്‍ അപലപനീയമാണ്. ഇത്തരത്തിലുള്ള നീക്കത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണം.-അദ്ദേഹം പറഞ്ഞു. 

അതേസമയം, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍  പ്രഫുല്‍ കെ പട്ടേലിനെ പുറത്താക്കണമെന്ന് ബിനോയ് വിശ്വം എംപി രാഷ്ട്രപതിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ദ്വീപിലെ ജനങ്ങള്‍ വലിയ പ്രായസങ്ങളാണ് ഇപ്പോള്‍ നേരിടുന്നത്. പ്രഫുല്‍ കെ പട്ടേലിനെ നിയോഗിച്ചതാണ് ഇതിന് പ്രധാന കാരണമായത്. കേന്ദ്രഭരണ പ്രദേശത്തിന്റെ അധികാരി എന്ന നിലയില്‍ ജനവിരുദ്ധവും സ്വേച്ഛാധിപത്യപരവുമായ തീരുമാനങ്ങളാണ് അദ്ദേഹം കൈക്കൊള്ളുന്നത്. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ കാട്ടുന്ന അലംഭാവവും വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവും ജനങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളും ജീവനോപാധികള്‍ തടയലും ഉള്‍പ്പെടെ ഇവയില്‍പ്പെടുന്നു. കൂടാതെ പ്രദേശത്തെ ഭൂരിപക്ഷ വിഭാഗത്തിന്റെ സാമുദായിക വികാരങ്ങള്‍ക്കെതിരായ സമീപനങ്ങളും സ്വീകരിക്കുന്നു. 

കോവിഡ് പൊട്ടിപ്പുറപ്പെട്ട 2020ല്‍ വൈറസിനെ ദ്വീപില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതിന് സാധിച്ചിരുന്നു. അഡ്മിനിസ്‌ട്രേറ്ററെ നിയോഗിച്ചതിന് ശേഷം സമ്പര്‍ക്ക വിലക്ക് ഉള്‍പ്പടെയുള്ള മാനദണ്ഡങ്ങളില്‍ വരുത്തിയ ഇളവുകളെ തുടര്‍ന്ന് ഇതിനകം 4000ത്തിലധികം രോഗികളും 20 മരണങ്ങളും ഉണ്ടായിരിക്കുന്നു. ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത  ജനങ്ങളില്‍ ഭീതിയും ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണ്. 

ജനങ്ങളുടെ പ്രധാന ജീവിതോപാധിയായ മത്സ്യബന്ധന മേഖലയെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന തീരുമാനങ്ങളും കൈക്കൊണ്ടു. മുന്‍ അധികാരികള്‍ സജ്ജീകരിച്ച മത്സ്യശീതീകരണ സംവിധാനങ്ങള്‍ ഇല്ലാതാക്കി. ഇത് ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ദോഷകരമായി ബാധിക്കുന്നതാണ്.  അംഗന്‍വാടികള്‍ അടച്ചുപൂട്ടുകയും വിവിധ വകുപ്പുകളിലെ താല്ക്കാലിക തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തിരിക്കുന്നു. ഭരിക്കപ്പെടുന്ന ജനങ്ങളുടെ താല്പര്യങ്ങളെയല്ല അഡ്മിനിസ്‌ട്രേറ്റര്‍ പരിഗണിക്കുന്നത് എന്നതിന്റെ തെളിവുകളാണ് ഇതെല്ലാം. ഈ സാഹചര്യത്തില്‍ ദ്വീപ് വാസികളുടെ ജീവിതം താറുമാറാക്കുന്ന പ്രഫുല്‍ കെ പട്ടേലിനെ ഒഴിവാക്കുന്നതിന് നടപടി കൈക്കൊള്ളണമെന്ന് ബിനോയ് വിശ്വം കത്തില്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com