സഭയിലെ കന്നി പ്രവേശനത്തിൽ തന്നെ സ്പീക്കർ കസേരയിലേക്ക് എം ബി രാജേഷ്, തെരഞ്ഞെടുപ്പ് ഇന്ന്; പോര് കൂട്ടാൻ പി സി വിഷ്ണുനാഥ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th May 2021 06:57 AM  |  

Last Updated: 25th May 2021 07:00 AM  |   A+A-   |  

mb-rajesh-

എംബി രാജേഷ്/ ഫയല്‍ ചിത്രം

 

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്. തൃത്താല എംഎൽഎ എ ബി രാജേഷിന് എതിരെ പ്രതിപക്ഷം പി സി വിഷ്ണുനാഥിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചെങ്കിലും പോരാട്ടം പ്രതീകാത്മകം മാത്രം. രാവിലെ 9 മണിക്കാണ് വോട്ടെടുപ്പ്. 

കേരള നിയമസഭയുടെ 23ാമത് സ്പീക്കറെ തെരഞ്ഞടുക്കാൻ ബാലറ്റ് പേപ്പറിലാണ് അം​ഗങ്ങൾ വോട്ട് ചെയ്യേണ്ടത്. പതിനൊന്നരയോടെ വോട്ടെടുപ്പ് തീരുന്നതോടെ വോട്ടെണ്ണൽ ആരംഭിക്കും. ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. 10 വർഷം ലോക്സഭാ അം​ഗമായിരുന്നു രാജേഷ് എങ്കിലും നിയമസഭയിൽ ഇത് കന്നി പ്രവേശനം. നിയമസഭയിലേക്ക് എത്തുമ്പോൾ തന്നെ ഒരാൾ സ്പീക്കറാവുന്നത് ആദ്യമാണ്.

വലിയ ഭൂരിപക്ഷമാണ് പിണറായി വിജയൻ സർക്കാരിനുള്ളത് എങ്കിലും രാഷ്ട്രീയ പോരിൽ ഒട്ടും പിന്നോട്ട് പോവേണ്ടെന്ന് വി ഡി സതീഷന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ചേർന്ന പാർലമെന്ററി പാർട്ടി യോ​ഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായാണ് പി സി വിഷ്ണുനാഥിനെ സ്പീക്കർ സ്ഥാനാർഥിയായി പ്രഖ്യപിച്ചത്. 

എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെയാണ് പതിനഞ്ചാം കേരള നിയമസഭയ്ക്ക് തുടക്കമായത്. പ്രോടൈം സ്പീക്കർ പിടിഎ റഹീമിന് മുൻപിലാണ് 136എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തത്. മെയ് 28നാണ് സർക്കാരിന്റെ നയപ്രഖ്യാപന പ്രസം​ഗം. ജൂൺ നാലിന് പുതിയ ബജറ്റ്. ജൂൺ 14 വരെയാണ് സഭാ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.