പുനരാലോചന നടത്തണം; ജനങ്ങളുടെ വിഷമങ്ങള്‍ പരിഹരിക്കാന്‍ ആരുമില്ല; ലക്ഷദ്വീപ് ബിജെപി സെക്രട്ടറി മോദിക്ക് അയച്ച കത്ത് പുറത്ത്

പ്രഫുല്‍ പട്ടേലിനെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചതിന് പിന്നാലെ നടത്തിയ പരിഷ്‌കരണങ്ങളില്‍ ലക്ഷദ്വീപിലെ ബിജെപി ഘടകത്തിനും അതൃപ്തി
പ്രഫുല്‍ പട്ടേലും നരേന്ദ്ര മോദിയും/ഫയല്‍ ചിത്രം
പ്രഫുല്‍ പട്ടേലും നരേന്ദ്ര മോദിയും/ഫയല്‍ ചിത്രം



കവരത്തി: പ്രഫുല്‍ പട്ടേലിനെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചതിന് പിന്നാലെ നടത്തിയ പരിഷ്‌കരണങ്ങളില്‍ ലക്ഷദ്വീപിലെ ബിജെപി ഘടകത്തിനും അതൃപ്തി. നടപടികള്‍ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് വ്യക്തമാക്കി ബിജെപി ജനറല്‍ സെക്രട്ടറി എച്ച് കെ മുഹമ്മദ് കാസിം പ്രധാനമന്ത്രിക്ക് അയച്ച കത്ത് പുറത്തുവന്നു. ഏപ്രില്‍ 20ന് എഴുതിയ കത്താണ് പുറത്തുവന്നിരിക്കുന്നത്.

ലക്ഷദ്വീപിലെ കര്‍ഷകര്‍ക്ക് നല്‍കി വന്ന സഹായങ്ങള്‍ നിര്‍ത്തലാക്കിയതിനെ കുറിച്ചും സ്‌കൂളുകള്‍ അടച്ചുപൂട്ടിയതിനെ കുറിച്ചും കരാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ പിരിച്ചുവിട്ടതിനെ കുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ദിനേശ്വര്‍ ശര്‍മയുടെ മരണശേഷം ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല വഹിക്കുന്ന പ്രഫുല്‍ പട്ടേല്‍, ലക്ഷദ്വീപില്‍ വരാറില്ലെന്നും മുഹമ്മദ് കാസിം കത്തില്‍ പറയുന്നു. 

2020 ഒക്ടോബറില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ചുമതല ഏറ്റെടുത്തതിനു ശേഷം വെറും മൂന്നുതവണ മാത്രമാണ് പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലേക്ക് വന്നത്. ദിവസങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഹ്രസ്വസന്ദര്‍ശനങ്ങളായിരുന്നു അവ. കഴിഞ്ഞ രണ്ടുമാസമായി പട്ടേല്‍ ലക്ഷദ്വീപില്‍ എത്തിയിട്ടില്ലെന്നും കാസിം കത്തില്‍ പറയുന്നു. ലക്ഷദ്വീപില്‍ ഭരണസ്തംഭനമാണെന്നും അദ്ദേഹം പറയുന്നു. 

ലക്ഷദ്വീപിന്റെ നിലവിലെ അവസ്ഥ പരിതാപകരമാണെന്നും ദ്വീപുകളിലെ ആളുകളുടെ വിഷമങ്ങള്‍ പരിഹരിക്കാന്‍ ആരുമില്ലെന്നും കാസിം കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ത്തന്നെ ലക്ഷദ്വീപ് ഭരണം പഴയതുപോലെ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തര പുനരാലോചന നടത്തണമെന്നും കാസിം കത്തില്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com