വീട്ടമ്മമാര്‍ക്ക് എന്തെല്ലാം സഹായങ്ങള്‍ വേണം?; പഠിക്കാന്‍ മൂന്നംഗ സമിതി;സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി 'ഓണ്‍' എന്ന് മുഖ്യമന്ത്രി

വീട്ടമ്മമാരെ സഹായിക്കാനായി നടപ്പാക്കുന്ന സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതിക്കുള്ള മാര്‍ഗരേഖയും ശുപാര്‍ശയും സമര്‍പ്പിക്കാന്‍ വനിത ശിശു വികസന വകുപ്പ് മൂന്നംഗ സമിതിയെ നിയമിച്ചതായി മുഖ്യമന്ത്രി
പിണറായി വിജയന്‍ /എക്‌സ്പ്രസ് ഫോട്ടോ
പിണറായി വിജയന്‍ /എക്‌സ്പ്രസ് ഫോട്ടോ


തിരുവനന്തപുരം: വീട്ടമ്മമാരെ സഹായിക്കാനായി നടപ്പാക്കുന്ന സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതിക്കുള്ള മാര്‍ഗരേഖയും ശുപാര്‍ശയും സമര്‍പ്പിക്കാന്‍ വനിത ശിശു വികസന വകുപ്പ് മൂന്നംഗ സമിതിയെ നിയമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാര്‍ഹിക ജോലിയില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കേണ്ട സഹായം, ഗാര്‍ഹിക ജോലിയുടെ ഭാരവും കാഠിന്യവും ലഘൂകരിക്കാന്‍ സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി നടപ്പാക്കല്‍ എന്നിവ സംബന്ധിച്ച മാര്‍ഗരേഖയും ശുപാര്‍ശകളും സമര്‍പ്പിക്കാനാണ് മൂന്നംഗ സമിതി രൂപീകരിച്ചത്. എല്‍ഡിഎഫ് പ്രകടനപത്രികയിലെ പ്രധാനപ്പെട്ട ഒരിനമാണ് പദ്ധതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, വനിതശിശുക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരാണ് സമിതിയില്‍. റിപ്പോര്‍ട്ട് 2021 ജൂലൈ 10നകം സമര്‍പ്പിക്കണമെന്ന് നിര്‍ദേശം നല്‍കി.

ഗാര്‍ഹിക അധ്വാനത്തിലേര്‍പ്പെടുന്നത് മഹാഭൂരിപക്ഷവും സ്ത്രീകളാണ്. വീട്ടിലെ ജോലിക്കൊപ്പം പുറമേയുള്ള മറ്റു ജോലികളിലും ഇവര്‍ ഏര്‍പ്പെടുന്നുണ്ട്. സ്ത്രീകളുടെ വീട്ടിലെ അധ്വാനം നമ്മുടെ സമ്പദ്ഘടനയുടെ ആകെ മൂല്യം കണക്കാക്കുന്ന മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ ഉള്‍പ്പെടുന്നുമില്ല. 

ഗാര്‍ഹിക അധ്വാനത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുക, അവരുടെ വീട്ടുജോലിഭാരം ലഘൂകരിക്കുക എന്നിവയാണ് സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായുള്ള ഗാര്‍ഹിക ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതുള്‍പ്പെടെ ഈ പദ്ധതിയുടെ ഭാഗമായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com