മാസ്‌കിനും സാനിറ്റൈസറിനും അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടി; ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം

മാസ്‌കിനും സാനിറ്റൈസറിനും അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടി; ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സാനിറ്റൈസര്‍, മാസ്‌ക്ക്, ഓക്‌സിമീറ്റര്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടിയ വില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മന്ത്രിയുടെ ഫോണ്‍ ഇന്‍ പരിപാടിയില്‍ ഇതുസബന്ധിച്ച് പരാതിയുണ്ടായ സാഹചര്യത്തിലാണ് നടപടി കര്‍ക്കശമാക്കുന്നത്.

ഫോണ്‍ ഇന്‍ പരിപാടിയില്‍ ബുധനാഴ്ച എത്തിയതിലേറെയും റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമായിരുന്നു. ഫോണില്‍ മന്ത്രിയെ നേരിട്ട് വിളിച്ചതിനു പുറമെ ബുധനാഴ്ച ഉച്ച വരെ നൂറിലേറെ പരാതികളും അഭിപ്രായങ്ങളുമാണ് വാട്‌സ് ആപ്പ് സന്ദേശമായി ലഭിച്ചത്.
അനര്‍ഹരായ മുന്‍ഗണന റേഷന്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് സ്വയം ഒഴിവാക്കാന്‍ അവസരം നല്‍കുമെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ ഉയര്‍ന്ന അഭിപ്രായത്തെ തുടര്‍ന്നാണ് ഈ തീരുമാനം.  

തിരുവനന്തപുരം പുളിമൂട് സപ്‌ളൈകോ ഔട്ട്‌ലെറ്റില്‍ നിന്ന് സബ്‌സിഡി സാധനങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയില്‍ ഉടനടി നടപടി സ്വീകരിച്ചു. സബ്‌സിഡി സാധനങ്ങള്‍ കൃത്യമായി ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. സപ്‌ളൈകോയില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയാറായെന്നും നിയമനം വേഗത്തിലാക്കണമെന്നുമായിരുന്നു ഫോണില്‍ വന്ന ഒരു പരാതി. ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. 

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ ഗുണമേന്‍മ സംബന്ധിച്ചും പരാതിയുണ്ടായി. കിടപ്പുരോഗികള്‍ക്ക് റേഷന്‍ വാങ്ങിയെത്തിക്കുന്നതിന് വീട്ടിലെ മറ്റൊരംഗത്തെയോ വീട്ടില്‍ ഒറ്റയ്ക്കാണെങ്കില്‍ മറ്റൊരാളെയോ ചുമതലപ്പെടുത്താമെന്ന് മന്ത്രി പറഞ്ഞു. ഇതിനുള്ള അപേക്ഷ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് നേരിട്ടോ ഓണ്‍ലൈനിലോ നല്‍കാം.

വിശദമായ പരാതികളും അഭിപ്രായങ്ങളും അവതരിപ്പിക്കേണ്ടവര്‍ക്ക് വ്യാഴം, വെള്ളി ദിവസങ്ങളില്‍ സൂം പഌറ്റ്‌ഫോം വഴി മന്ത്രിയുമായി സംവദിക്കാം. ഇതിന്റെ ലിങ്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ്, പി. ആര്‍. ഡി വെബ്‌സൈറ്റുകളില്‍ ലഭിക്കും. ഭക്ഷ്യവകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഹരിത വി. കുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com